കലിംഗ സര്‍വകലാശാലയിലെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്കിയ കേസില്‍ അബിന്‍ സി. രാജിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് മാലിദ്വീപ് ഭരണകൂടം. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അബിന്‍ സി രാജിനെ ഇന്നലെ അര്‍ധരാത്രിയിലാണ് കായംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാലിയിലായിരുന്ന അബിനെ രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.
സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്നാണെന്ന് അബിന്‍ രാജ് പൊലീസിനോട് സമ്മതിച്ചു.
ഒന്നരവര്‍ഷം മുമ്പ് മാലിദ്വീപിലെത്തിയ അബിന്‍, മാലി സിറ്റിയിലെ കലഫാനു സ്കൂളിലെ അധ്യാപകമായിരുന്നു. അബിന്‍ സി. രാജിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയമാണ് അക്കാര്യങ്ങള്‍ അന്വേഷിക്കേണ്ടതെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരാറിലാണ് അബിന്‍ എത്തിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അബിന്‍ രാജ് ആണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയതെന്ന് നിഖില്‍ തോമസ് നേരത്തെ മൊഴി നല്‍കിയിരുന്നു.