ജവഹര്‍ ലാല്‍ നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. 59 വര്‍ഷമായി ആഗോള ബൗദ്ധിക കേന്ദ്രവും പുസ്തകങ്ങളുടെയും രേഖകളുടെയും നിധി കുംഭവുമായി കരുതപ്പെടുന്ന മ്യൂസിയമാണ് നെഹ്റുവിന്റെ പേരിലുള്ള മ്യൂസിയം. അത് പേരില്‍ നിന്ന് നെഹ്റു ഒഴിവാക്കി എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.
അല്‍പ്പത്തരത്തിന്റെയും പ്രതികാരത്തിന്റെയും പേരാണ് മോദിയെന്നും ജയറാം രമേശ് പറഞ്ഞു.
ഇനിമുതല്‍ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്ന് വിളിക്കപ്പെടും. ആധുനിക ഇന്ത്യയുടെ ശില്പിയായ നെഹ്റുവിന്റെ പേരിനെയും പൈതൃകത്തെയും വളച്ചൊടിക്കാനും ഇകഴ്ത്താനും നിശിപ്പിക്കാനും മോദിയ്ക്ക് എന്താണ് ചെയ്ത് കൂടാത്തത്? അരക്ഷിതാവസ്ഥയുടെ അമിതാഭാരം പേറുന്ന ചെറിയ മനുഷ്യന് ഒരു സ്വയം പ്രഖ്യാപിത വിശ്വഗുരുവാണ് എന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന എന്‍.എം.എം.എല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് നെഹ്റുവിന്റെ പേര് ഒഴിവാക്കാന്‍ തീരുമാനിച്ചത്. സൊസൈറ്റിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. ഉപ അധ്യക്ഷന്‍ ആണ് രാജ്നാഥ് സിംഗ്. കേന്ദ്ര മന്ത്രി അമിത്ഷാ അടക്കം 29 അംഗ കൗണ്‍സിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.