ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫിന് ശേഷം ലോക ശ്രദ്ധ നേടാൻ ‘കബ്സ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വൻ മുതൽ മുടക്കിൽ നിർമ്മിച്ച പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രമാണ് കബ്സ. മാർച്ച് 17 ന് ലോകം മുഴുവൻ സിനിമ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാർ , കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആർ. ചന്ദ്രുവാണ് സംവിധാനം ചെയ്തിരിക്കുന്നത്
1940 കളിൽ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. അതേസമയം ചിത്രത്തിന്റെ ട്രെയിലറിലുള്ള സംഘട്ടന രംഗങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ട്. ശ്രീ.സിദ്ദേശ്വര എന്റർപ്രൈസസും ഇൻവെനിയോ ഒറിജിനും ചേർന്നാണ് 120 കോടിരൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തികച്ചും ഒരു പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രമായ കബ്സയുടെ ഛായാഗ്രാഹകൻ എജെ. ഷെട്ടിയാണ്.
അതേസമയം കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിളായാണ് ചിത്രം റിലീസ് ചെയ്യുക. ഇ.ഫോർ എന്റർടെയ്ൻമെന്റ്സും എൽജിഎഫ് ഫിലിംസും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. കേരളത്തിലെ 200 ൽ അധികം തിയറ്ററുകളിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം പ്രദർശനത്തിനെത്തും.