ശശി തരൂരിനെ ആക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തരൂർ കോൺഗ്രസിൽ ഇപ്പോഴും ട്രെയിനി മാത്രമാണെന്നും സംഘടനയെ നയിക്കാനുള്ള കഴിവ് തരൂരിനില്ലെന്നും സുധാകരൻ പറഞ്ഞു. വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. ഇതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്നും സുധാകരൻ പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം.
തനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. മുസ്ലീം ലീഗ് പോയാൽ യുഡിഎഫിലേക്ക് വരാൻ വേറെ പാർട്ടികളുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. ലീഗ് ഇല്ലെങ്കിൽ കോൺഗ്രസും യുഡിഎഫും ഇല്ലെന്ന് പറയുന്നതിൽ കാര്യമില്ല. സിപിഐ മാത്രമല്ല, കേരള കോൺഗ്രസും എൽഡിഎഫിൽ തൃപ്തരല്ല. കോൺഗ്രസിലെ ഒരു നേതാവാണ് കേരള കോൺഗ്രസ് മുന്നണി വിടാൻ പ്രധാന കാരണക്കാരൻ. അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ അവരെ പ്രകോപിപ്പിച്ചുവെന്നും സുധാകരൻ പറഞ്ഞു.