കൊച്ചി:പൊലീസുകാരുടെ മക്കളും ലഹരിക്ക് അടിമയാവുന്ന അവസ്ഥയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ. അങ്കമാലിയിൽ നടക്കുന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ സംസാരിക്കുമ്പോൾ ആണ് ലഹരിക്കെതിരെ പോരാടുന്ന പൊലീസുകാരുടെ മക്കളും ലഹരിക്കെണിയിലാണെന്ന് കമ്മീഷണർ തുറന്നടിച്ചത്.
കമ്മീഷണർ കെ.സേതുരാമൻ്റെ വാക്കുകൾ –
നമ്മുടെ ഒരു സഹപ്രവർത്തകൻ്റെ കുട്ടി മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായി. നമ്മൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലും ലഹരിക്കടത്ത് നടക്കുന്ന അവസ്ഥയാണ്. ഇക്കാര്യം ഗൌരവത്തോടെ കാണണം. നമ്മുടെ ഫോഴ്സിലെ ഒരു എസ്.പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളാണ്. കുട്ടികളുടെ ലഹരി ഉപയോഗം കാരണം ആ കുടുംബം തന്നെ തകരുന്ന നിലയുണ്ടായി. എസ്.പിയുടെ മക്കൾ മാത്രമല്ല എല്ലാ ഓഫീസർമാരുടെ മക്കളും ലഹരിക്ക് അടിമയാവുന്ന അവസ്ഥയുണ്ട്. സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വല്ലാതെ വർധിച്ചിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ എന്നിവയുടെ ഉപയോഗം മുൻപില്ലാത്ത തരത്തിൽ കൂടി. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി അതിനെതിരെ പോരാടുമ്പോൾ തന്നെ നമ്മുടെ മക്കൾ ലഹരി ഉപയോഗിക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യം പൊലീസുകാർ സ്വയം പരിശോധിക്കണം.