ഇന്ത്യയുടെ മുൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച ഒരു ഫോട്ടോയും കുറിപ്പും വൈറലാവുന്നു. ഫുട്ബോളിന്റെ ലോകത്തേക്ക് തന്നെ കൈപിടിച്ചുയർത്തിയ വ്യക്തി എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് താരം ചിത്രം പങ്കു വച്ചിരിക്കുന്നത്. ഫുട്ബോളിലെ തന്റെ ഗുരുവെന്നോ വഴികാട്ടിയെന്നോ സ്വന്തം മകനായി സ്നേഹിച്ച ആളെന്നോ ഒക്കെ അദ്ദേഹത്തെ വിളിക്കാമെന്ന് വിജയൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിയ്ക്കുന്നു.
തികച്ചും യാദൃച്ഛികമായാണ് ചിത്രം തനിക്ക് ലഭിച്ചത്. ഫോട്ടോ കിട്ടിയപ്പോൾ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലത്തിന്റെ ഓർമ്മകൾ മുഴുവനും മനസ്സിലേക്ക് ഓടിയെത്തി. ഈ ചിത്രം തന്റെ കയ്യിൽ എത്തിച്ച ദൈവത്തിന് നന്ദിയെന്നും ഐഎം വിജയൻ കൂട്ടിച്ചേർത്തു.
“ഇത് ജോസ് പറമ്പൻ. എല്ലാവരുമറിയുന്ന ഇന്നത്തെ ഐ എം വിജയനിലേക്ക് ഫുട്ബോൾ താരത്തിലേക്ക്, ഞാൻ യാത്ര തുടങ്ങിയത് ഈ വലിയ മനുഷ്യന്റെ കൈപിടിച്ചാണ്. കോലോത്തുംപാടത്ത് തുണിപ്പന്ത് കെട്ടി കളിച്ചു നടന്ന ഒരു കുട്ടിയിൽ എന്തോ ഒരു പ്രത്യേകത കണ്ടിട്ടായിരിക്കണം അദ്ദേഹം, സ്പോർട്സ് കൗൺസിലിന്റെ ത്രിവത്സര ക്യാമ്പിലേക്ക് എന്നെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയത്. ഒന്നുമല്ലാതിരുന്ന ഒരു കുട്ടിയെ അറിയപ്പെടുന്ന പന്തുകളിക്കാരനാക്കാൻ എന്ത് ത്യാഗത്തിനും സന്നദ്ധനായിരുന്നു പറമ്പൻ സാർ. തൃശൂരിനപ്പുറം സഞ്ചരിക്കാത്ത എന്നെ നെഹ്റു കപ്പ് കാണിക്കാൻ ബസ്സിൽ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയത് അദ്ദേഹമായിരുന്നു. എല്ലാ തിരക്കുകളും മാറ്റിവെച്ചുള്ള യാത്രകൾ. ഇന്ന് പറമ്പൻ സാർ നമ്മോടൊപ്പമില്ല. അദ്ദേഹത്തെ കുറിച്ചോർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല . പഴയ ഓർമ്മകളിലേക്കാണ് ഈ ചിത്രം എന്നെ കൊണ്ടു പോവുന്നത്. ഒരിക്കലും മാഞ്ഞുപോകാത്ത, മരിക്കാത്ത ആ ഓർമ്മകൾ ഇതാ ഈ നിമിഷവും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. പ്രണാമം, ജോസ് പറമ്പൻ സാർ” – ഐ എം വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാജ്യാന്തര റെക്കോർഡ് കരസ്ഥമാക്കിയ താരമാണ് ഐ എം വിജയൻ. പ്രധാനമായും മുന്നേറ്റ നിരയിൽ കളിച്ചിരുന്ന വിജയൻ മിഡ്ഫീൽഡറായും തിളങ്ങിയിട്ടുണ്ട്.