നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിൽ വിചാരണ വേളയ്ക്കിടെയാണ് അമ്മ ജോളിക്കെതിരായി മകൻ റെമോ റോയി നിർണായക മൊഴി നൽകിയത്. റോയി തോമസിന്റെ വധക്കേസ് വിചാരണക്കിടെയാണ് മാറാട് പ്രത്യേക കോടതിയിൽ റെമോ മൊഴി നൽകിയത്. കൂടത്തായിയിൽ നടന്ന ആറ് കൊലപാതകങ്ങളിലും അമ്മ തന്നോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. റോയ് തോമസിന്റെ മാതാവ് അന്നമ്മയ്ക്ക് ആട്ടിൻ സൂപ്പിൽ വിഷം ചേർത്തും മറ്റുള്ളവരെ ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് ചേർത്തുമാണ് കൊലപ്പെടുത്തിയതെന്നാണ് റെമോ റോയിയുടെ മൊഴി.
കൊലപാതകത്തിനുപയോഗിച്ച സയനൈഡ് എത്തിച്ച് നൽകിയത് എംഎസ് മാത്യുവാണെന്നും മാത്യുവിന് ഇത് നൽകിയത് പ്രജി കുമാർ ആണെന്നും അമ്മയുടെ മൊബൈൽ ഫോൺ താനാണ് പൊലീസിന് നൽകിയതെന്നും റെമോ പറഞ്ഞു. എൻഐടിയിൽ അധ്യാപികയാണെന്നായിരുന്നു ജോളി മക്കളെയും വിശ്വസിപ്പിച്ചിരുന്നത്.എന്നാൽ എൻഐടിക്ക് സമീപമുള്ള ബ്യൂട്ടിപാർലറിലും ടെയ്ലറിംഗ് ഷോപ്പിങ്ങിലും പോയിരുന്ന് സമയം ചെലവഴിച്ചുവെന്നും അമ്മ തന്നോട് പറഞ്ഞുവെന്നും റെമോ കോടതിയിൽ പറഞ്ഞു. കേസിലെ മൂന്നാം സാക്ഷിയാണ് ജോളിയുടെ മകൻ റെമോ
റോയി തോമസിന്റെ സഹോദരൻ റോജോ തോമസും കോടതിയിൽ ഹാജരായി. വ്യാജ ഒസ്യത്തും മരണങ്ങളെ പറ്റി ജോളി പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യങ്ങളും. ആറു മരണങ്ങളിലും ജോളിയുടെ സാന്നിധ്യവുമാണ് സംശയമുണ്ടാകാൻ കാരണമെന്ന് റോജോ കോടതിയെ അറിയിച്ചു.