ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തെക്കുറിച്ചുള്ള വാര്‍ത്ത ഹൃദയം തകര്‍ത്തെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. ദുരന്തത്തില്‍ അനുശോചനം അറിയിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുഡിന് പറഞ്ഞു.
ഈ ദുഃഖ സമയത്ത് യൂറോപ്പ് ഒപ്പമുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റഅ ഉര്‍സുല വോണ്‍ അറിയിച്ചു. അപകടത്തില്‍ തുര്‍ക്കിയും ജപ്പാനും അനുശോചനം അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 7.20 ഒാടെയായിരുന്നു ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വലിയ അപകടം സംഭവിച്ചത്. അപകടത്തില്‍ 300 ഓളം പേര്‍ക്കാണ് ജീവന് നഷ്ടമായതെന്നാണ് കണക്കാക്കുന്നത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ട്രെയിന്‍ ഗതാഗതം ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
തെറ്റായ പോയിന്റിംഗ് മൂലമാണ് ട്രെയിന്‍ മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങിയതെന്ന് സൂചനയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്സ്പക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ ബോഗികള്‍ പാളത്തില്‍ നിന്ന് നീക്കിത്തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ ഒരു ലൈനില്‍ മാത്രം ഗതാഗതം തുടങ്ങാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.