കോഴിക്കോട്:കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിൻറെ പേരിൽ തിരുവമ്പാടിയിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നടപടിയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് പറഞ്ഞു. ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ കെഎസ്ഇബിക്ക് നോട്ടീസ്.കഴിഞ്ഞദിവസമാണ് വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് അജ്മലിൻറെ വീട്ടിലെ കണക്ഷൻ കെ.എസ്.ഇ.ബി വിഛേദിച്ചിത്. കണക്ഷൻ വിഛേദിച്ച ലൈൻമാൻ പ്രശാന്തിനെ അജ്മൽ മർദിച്ചിരുന്നു. ഇതിൽ കേസെടുത്തതോടെ കെ.എസ്.ഇ.ബി ഓഫീസിലെത്തിയ അജ്മലും സഹോദരനും അസിസ്റ്റൻറ് എൻജീനിയർ പ്രശാന്തിനെ കയ്യേറ്റം ചെയ്യുകയും ദേഹത്ത് മലിനജലം ഒഴിക്കുകയും ചെയ്തു. ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളും തകർത്തു. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി പറയുന്നത്.ഇതിനെ തുടർന്ന് കെഎസ്ഇബി ചെയർമാന്റ ഉത്തരവനുസരിച്ച് പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. തിരുവമ്പാടി സ്വദേശികളായ അജ്മലിന്റേയും സഹോദരൻ ഷഹദാദിന്റേയും വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. അജ്മലിൻറെ അച്ഛൻ റസാക്കിൻറെ പേരിലാണ് വൈദ്യുതി കണക്ഷൻ. വൈദ്യുതി വിച്ഛേദിച്ചതിനെതിരെ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരിക്കേറ്റ അസിസ്റ്റൻറ് എൻജീനിയർ പ്രശാന്തിനെ മുക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്മൽ വൈദ്യുതി കുടിശ്ശിക വരുത്തുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാർ നഗരതതിൽ പ്രകടനം നടത്തി. അജ്മലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസും രംഗത്തുവന്നു.കെ.എസ്.ഇ.ബി.യുടെ ചരിത്രത്തിൽ ആദ്യമായാണ് അക്രമം നടത്തിയതിന്റ പേരിൽ വൈദ്യുതി വിച്ഛേദിക്കുന്നത്.കെഎസ്ഇബി ഉദ്യോഗസ്ഥർ ഉപ്രദവിച്ചെന്ന് അജ്മലിൻറെ അമ്മയും പറഞ്ഞു. തന്നെ ഉദ്യോഗസ്ഥൻ തള്ളിയിട്ടെന്നും അജ്മലിൻറെ അമ്മ. അതേസമയം വൈദ്യുതി വിച്ഛേദിച്ച നടപടിയിൽ കെഎസ്ഇബിക്കിതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് യൂത്ത്കോൺഗ്രസ്. വൈകിട്ട് നാലുമണിക്ക് കെഎസ്ഇബി സെക്ഷൻ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.