പണിയെടുത്ത് സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് വലിയൊരു ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയത്തുള്ള ഒരു കൂട്ടം തൊഴിലുറപ്പ് പണിക്കാർ. തൊഴിലുറപ്പ് ജോലിയിൽ നിന്നും ലഭിക്കുന്ന കാശ് മിച്ചം വച്ച് കോട്ടയം പനച്ചിക്കാടുള്ള തൊഴിലാളി സ്ത്രീകൾ. ബെംഗളൂരുവിലേക്ക് ഒരു വിമാനയാത്ര നടത്തി തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നെടുമ്പാശേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇവർ വിമാനം കയറിയത്.
കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലെ 12ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് അവരുടെ സ്വപ്നം സാക്ഷാത്കരിച്ചത്. ‘ഭയങ്കര ഭാഗ്യം’ എന്നാണ് ഈ വിമാനയാത്രയെ കൂട്ടത്തിലെ ഏറ്റവും മുതിർന്ന ആളായ ചെല്ലമ്മയമ്മ വിശേഷിപ്പിച്ചത്. ഇനിയും ഇതുപോലെ യാത്രകൾ പോകും. ബെംഗളൂരു നല്ല രസമുള്ള സ്ഥലമാണ്. ഇനിയും ബെംഗളൂരുവിലേക്ക് പോവുമെന്നും ചെല്ലമ്മ കൂട്ടിച്ചേർത്തു. ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല എന്നും ചെല്ലമ്മയമ്മ പറഞ്ഞു.
വാർഡ് മെമ്പർ ആയിരുന്നു യാത്രക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത്. അതേസമയം വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും വലിയ സന്തോഷത്തിലാണ്. കൂടാതെ വിമാനത്തിൽ കയറാൻ പേടി ഉണ്ടായിരുന്നില്ലെന്നും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഇവരുടെ അടുത്ത യാത്ര ഡൽഹിയിലേക്കാണ്. പാർലമെന്റ് കാണണമെന്നത് ഈ വീട്ടമ്മമാരുടെ ആഗ്രഹമാണ്. അതിനായി പൈസ സ്വരൂക്കൂട്ടുന്ന തിരക്കിലാണവർ.