ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകനായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും സംഘപരിവാര്‍ ജീവനോടെ ചുട്ടെരിച്ചിട്ട് ഇന്നേക്ക് 25 വര്‍ഷം. ആദിവാസികളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു എന്ന് ആരോപിച്ചാണ് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ പത്ത് വയസുകാരന് ഫിലിപ്സ്, ഏഴ് വയസുകാരന് തിമോത്തി എന്നിവരെ സംഘപരിവാര്‍ ജീവനോടെ കത്തിച്ചത്. എന്നാല്‍ സംഭവം അന്വേഷിച്ച കമ്മീഷന് മതപരിപവര്‍ത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
58 കാരനായ ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകനായ ഗ്രഹാം മക്കളോടൊപ്പം മനോഹര്‍പൂര്‍-ബരിപാട കാട്ടു പ്രദേശത്ത് തന്റെ ജീപ്പില്‍ കിടന്നുറങ്ങുന്നതിനിടെയാണ് 1999 ജനുവരി 21നും 22നും ഇടയിലെ രാത്രിയില്‍ ഇവര്‍ക്കെതിരെ ആക്രമണം നടക്കുന്നത്. സ്റ്റെയിന്‍സും മക്കളും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം അനുവദിച്ചില്ല.
30 വര്‍ഷത്തോളം കുഷ്ഠരോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച മിഷനറിയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്. 1965 ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ അദ്ദേഹം പിന്നീട് ആദിവാസികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ചയാളായിരുന്നു. സംഭവത്തില്‍ പ്രതിയായ ദാര സിംഗ്, ബജ്റംഗ്ദള്‍ പ്രവര്ത്തകന് ഇപ്പോഴും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ തടവില്‍ കഴിയുകയാണ്. ഭാര്യ ഗ്ലാഡിസും മകളും അന്ന് അവര്‍ക്കൊപ്പം ഗ്രാമത്തില്‍ എത്താതിരുന്നതിനാല്‍ മാത്രമാണ് രക്ഷപ്പെട്ടത്.
സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലോകത്ത് നടന്ന ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണ് ഇത് എന്ന് പറഞ്ഞാണ് പ്രസിഡന്റ് കെ ആര് നാരായണന് അപലപിച്ചത്. രാജ്യത്തിന് ഇത് ഒരു കറുത്ത കുത്തായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആതുര സേവന രംഗത്തെ സമാനതകളില്ലാത്ത പ്രവര്‍ത്തനത്തിന് ഗ്രഹാമിനെ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ഭര്‍ത്താവിന്റെ മരണ ശേഷം ആശുപത്രി പ്രവര്‍ത്തനം ഏറ്റെടുത്ത ഗ്ലാഡിസ് 2015ല്‍ ഗ്രഹാം സ്റ്റെയിന്‍സ് മെമ്മോറിയല്‍ ആശുപത്രി സ്ഥാപിച്ചു.