കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ ബിജെപി പ്രതിസന്ധിയില്‍. മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തന്റെ നിയമസഭാംഗത്വവും ഒഴിയുന്നതായി ഷെട്ടാര്‍ അറിയിച്ചു.
കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടി വിട്ടവരില്‍ അധികവും.
ചില നേതാക്കളുടെ ചെയ്തികളാണ് രാജിവെക്കുന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ഷെട്ടാര്‍ പ്രതികരിച്ചു. തന്നെ നേതാക്കള്‍ അപമാനിച്ചുവെന്നും ഷെട്ടാര്‍ പറഞ്ഞു.
‘വലിയ വിഷമത്തോടെയാണ് ഞാന്‍ രാജിവെക്കുന്നത്. പാര്‍ട്ടിയെ വളര്‍ത്താന്‍ വളരെയധികം പ്രവര്‍ത്തിച്ച ഒരാളാണ് ഞാന്‍. ചില നേതാക്കളുടെ ചെയ്തികളാണ് എന്റെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്,’ ഷെട്ടാര്‍ പറഞ്ഞു.
അതേസമയം ബി.ജെ.പി വിട്ട മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ് സാവഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സാവഡി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു.
മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വിശ്വസ്തനും മുതിര്‍ന്ന ലിംഗായത്ത് നേതാവുമാണ് സാവഡി.
പട്ടികജാതിക്കാരോട് ബിജെപി വിവേചനം കാണിക്കുന്നെന്ന് ആരോപിച്ച് മുന്‍ മന്ത്രി ബി സോമശേഖരനും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. പാട്ടിക ജാതിയില്‍ നിന്നുള്ള വ്യക്തിയെന്ന നിലയില്‍ വലിയ തോതില്‍ വിവേചനവും ബുദ്ധിമുട്ടും അനുഭവിക്കുന്നുവെന്നാണ് സോമശേഖരന്‍ പറഞ്ഞത്.