ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് രാജി പ്രഖ്യാപിച്ചു. ഫെബ്രുവരി തുടക്കത്തില്‍ സ്ഥാനമൊഴിയുമെന്ന് ജസീന്ത തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ന്യൂസിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് ജസീന്ത ആര്‍ഡന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.
പ്രധാനമന്ത്രി പദം ജസീന്തയിൽ നിന്നും പലതും എടുത്ത് കളഞ്ഞെന്നും ഇനിയൊരു തെരഞ്ഞെടുപ്പിനെക്കൂടി നേരിടാന്‍ ഊര്ജമില്ലെന്നുമാണ് ജസീന്ത നൽകിയ വിശദീകരണം. കൂടാതെ ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവി സ്ഥാനവും ഒഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭാവി കാര്യങ്ങളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയാണ് നിലവിലുള്ള ആഗ്രഹമെന്നും ജസീന്ത കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവ്, ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ്പുണ്ടായപ്പോഴുണ്ടായ പ്രതികരണം, വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വത സ്ഫോടനത്തെ കൈകാര്യം ചെയ്ത രീതി എന്നിവയിലൂടെയാണ് ജസീന്ത ലോകശ്രദ്ധ നേടിയത്. രാജ്യത്തിന്റെ സമാധാനമാണ് പ്രധാനമെന്ന് ഉറച്ചുവിശ്വസിച്ച നേതാവായിരുന്നു ജസീന്ത. ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ജസീന്ത ഹിജാബ് ധരിച്ചെത്തിയതും ലോകശ്രദ്ധ നേടിയിരുന്നു.
2017 ലാണ് ജസീന്തയെ ന്യുസിലാന്‍ഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. അന്ന് 37 വയസുകാരിയായ ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കൂടാതെ അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവുകൂടിയാണ് ജസീന്ത. ന്യൂസിലന്‍ഡിലെ പല സംഭവങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി മാതൃകാപരമായ ഭരണം കാഴ്ച്ചവച്ച ജസീന്തയെ ലോകം വാഴ്ത്തിയിട്ടുണ്ട്. അതേസമയം തിടുക്കത്തിലുളള ജസീന്തയുടെ രാജി പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.