ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പ്രതിപക്ഷനേതാവിനെക്കുറിച്ചു മോശം ഭാഷയിൽ അടക്കം പറഞ്ഞത് ഓൺ ആയിരുന്ന മൈക്കിലൂടെ പുറത്തുകേട്ടു. സംവാദവേളകളിലെ പക്വതയ്ക്കും നേതൃമികവിനും പ്രശംസ നേടിയിട്ടുള്ള പ്രധാനമന്ത്രിയാണ് ജസിൻഡ. അമളി പറ്റിയത് മനസിലായതോടെ ജസിൻഡ ക്ഷമ പറഞ്ഞു തലയൂരിയെങ്കിലും കുറച്ചു മാസങ്ങളായി ജനപ്രീതിയിൽ ഇടിവു നേരിടുന്ന ജസിൻഡയ്ക്ക് സഭയിലെ പിഴവ് വലിയ ക്ഷീണമായി.
സഭയിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷപാർട്ടിയായ ആക്ടിന്റെ നേതാവ് ഡേവിഡ് സിമോറിനെയാണ് ജസിൻഡ അസഭ്യം പറഞ്ഞത്. ഭരണത്തിലെ പിഴവുകൾ എന്നെങ്കിലും ഏറ്റു പറഞ്ഞിട്ടുണ്ടോ എന്ന സിമോറിന്റെ ചോദ്യത്തിന് ജസിൻഡമറുപടി നൽകി. അതിന് ശേഷം അടുത്തിരുന്ന ഉപപ്രധാനമന്ത്രി ഗ്രാന്റ് റോബട്സനോടായി ശബ്ദം താഴ്ത്തി മോശം പരാമർശം നടത്തുകയും ചെയ്തു. എന്നാൽ മൈക്ക് പ്രവർത്തിക്കുണ്ടെന്ന കാര്യം ജസിൻഡ ശ്രദ്ധിച്ചിരുന്നില്ല. അതേസമയം മവോരി ആദിവാസി വേരുകളുള്ള സിമോറിനെ ആദിവാസിക്ഷേമ മന്ത്രി വില്ലി ജാക്സൻ ഏതാനും മാസം മുൻപു പരിഹസിച്ചതും വിവാദമായിരുന്നു.