സിറിയയിലെ ഡാമാസ്കസ് അന്താരാഷ്ട്ര എയർപോർട്ട് ഏരിയയിൽ ഇസ്രായേൽ ആക്രമണം നടത്തി. അപ്രതീക്ഷിതമായുണ്ടായ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതേസമയം സിറിയൻ വ്യോമ പ്രതിരോധ സേന, ഇസ്രായേലിന്റെ മിസൈലുകളും മറ്റും തകർത്തതായി പ്രതിരോധമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ടൈബീരിയാസ് തടാകത്തിന്റെ വടക്കുകിഴക്കൻ ദിശയിൽ നിന്ന് ഡാമാസ്കസ് വിമാനത്താവളത്തെയും ഡാമാസ്കസിന്റെ തെക്ക് ചില സ്ഥലങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്. ഹിസ്ബുള്ള ഉൾപ്പെടെയുള്ള സിറിയയിലെയും ലെബനനിലെയും സഖ്യകക്ഷികൾക്ക് ആയുധങ്ങൾ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ ആക്രമണം നടത്തിയതെന്ന് അനുമാനിക്കുന്നു.
ടെഹ്റാൻ വ്യോമ വിതരണ ലൈനുകൾ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. അതേസമയം സിറിയയിലെ മറ്റു വിമാനത്താവളങ്ങളിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയതായി പ്രാദേശിക നയതന്ത്ര രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.