ഇസ്രയേൽ – ഹമാസ് പോരാട്ടം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ 3500 കടന്നു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൌരൻമാരുടെ എണ്ണം ആയിരം കടന്നുവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട്. 765 പേർ മരണപ്പെട്ടതായി ഗാസയിൽ നിന്നും സ്ഥിരീകരിക്കുമ്പോൾ 1500-ലേറെ ഹമാസ് ഭീകരരുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രയേൽ സൈന്യവും അറിയിച്ചു.
ഗാസാ മുനമ്പിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ ബന്ദികളെ വധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിൽ ഓര ബോംബ് വീഴുമ്പോഴും ഒരോ ബന്ദി കൊല്ലപ്പെടുമെന്നാണ് ഹമാസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കുട്ടികളടക്കം 150-ലേറെ ഇസ്രയേൽ പൌരൻമാർ ഹമാസിൻ്റെ കസ്റ്റഡിയിലുണ്ടെന്നാണ് അനൌദ്യോഗിക വിവരം.
ഗാസയിൽ വ്യോമാക്രമണം കടുപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസമായി ഇസ്രയേൽ ഈ പ്രദേശം ഉപരോധിക്കുകയാണ്. ഗാസയിലേക്കുള്ള വൈദ്യുതിയും ജലവിതരണവും ഇസ്രയേൽ തടഞ്ഞതോടെ ആശുപത്രികൾ അടക്കമുള്ളവയുടെ പ്രവർത്തനം താളം തെറ്റി. ഗാസയിൽ ശക്തമായ സൈനിക നടപടിയുണ്ടാവുമെന്നും പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിയെഴുതുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗാസയിൽ ഇസ്രയേൽ സൈനിക നടപടി തുടരുമ്പോൾ സിറിയയിൽ നിന്നും ലെബനനിൽ നിന്നും ഇസ്രയേലിനെ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചിട്ടുണ്ട്. സിറിയയിൽ നിന്നും ഇന്നലെ പലതവണ മിസൈലാക്രമണം ഉണ്ടായതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹിസ്ബുള്ളയാണ് ഈ ആക്രമണത്തിന് പിന്നിൽ. സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിൽ എത്തും. ഹമാസ് നടത്തിയ ആക്രമണത്തിൽ തങ്ങളുടെ ഒൻപതോളം പൌരൻമാർ കൊല്ലപ്പെട്ടതായി നേരത്തെ അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ബ്രസീൽ, കംബോഡിയ, കാനഡ, അയർലൻഡ്, മെക്സിക്കോ, നേപ്പാൾ, പനാമ, പരാഗ്വേ, റഷ്യ, ശ്രീലങ്ക, തായ്ലൻഡ്, ഉക്രെയ്ൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ല പൌരൻമാരും ഹമാസിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.