ബജ്റംഗദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനാ നേതാവ് മൗലാന അര്‍ഷദ് മദനി. അധികാരത്തിലെത്തിയ ശേഷം ബജ്റംഗദളിനെ നിരോധിച്ചില്ലെങ്കില്‍ അത് ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയാണെന്നും അര്‍ഷദ് മദനി പറഞ്ഞു.
70 വര്‍ഷം മുന്നേ കോണ്‍ഗ്രസ് ബജ്റംഗദളിനെ നിരോധിക്കേണ്ടതായിരുന്നുവെന്നും അര്‍ഷദ് മദനി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
‘പ്രകടന പത്രികയില്‍ ബജ്റംഗദളിനെ നിരോധിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പറയുന്നുണ്ട്. ഈ തീരുമാനം 70 വര്‍ഷം മുമ്പ് എടുത്തിരുന്നെങ്കില്‍ രാജ്യം ഇങ്ങനെ നശിക്കില്ലായിരുന്നു. പ്രകടനപത്രികയില്‍ ഇങ്ങനെയൊരു കാര്യം ഉള്‍പ്പെടുത്തിയപ്പോള്‍ അത് തെറ്റാണെന്ന് പലരും അലമുറയിട്ടു. എന്നാല്‍ അത് ഒരിക്കലും തെറ്റായിരുന്നില്ല. പകരം നടപ്പാക്കേണ്ടിയിരിക്കുന്നു,’അര്‍ഷദ് മദനി പറഞ്ഞു.
പ്രകടനപത്രികയ്ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ തീരുമാനത്തിന് ശിക്ഷ അവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ ലഭിക്കും എന്നായിരുന്നു മോദി പറഞ്ഞത്.
അതേസമയം കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കാണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പ്രകടനപത്രികയില്‍ പറഞ്ഞ പ്രധാന അഞ്ച് കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്തിരുന്നു.
തന്റെ വാഹന വ്യൂഹംകടന്നുപോകുമ്പോള് മറ്റ് വാഹനങ്ങള്‍ തടയരുതെന്ന് സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി. ബിപിഎല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10കിലോ അറിവീതംനല്കുന്ന അന്ന ഭാഗ്യ പദ്ധതി. തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങള്‍ക്ക് രണ്ട് വര്‍ഷം പ്രതിമാസം 3000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് പ്രതിമാസം 1500 രൂപയും നല്കുന്ന യുവനിധി. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. കുടുംബ നാഥകള്‍ക്ക് ഓരോമാസവും 2000 രൂപ വീതം നല്കുന്ന ഗൃഹലക്ഷ്മി എന്നീ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.
ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പൊതു സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സമ്മാനമെന്ന നിലയില്‍ പുസ്തകങ്ങള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.