ആർക്കും കാണാനാവാത്ത വീട് വില്പനയ്ക്ക്. അദൃശ്യ വ ഇന്‍സ്റ്റഗ്രാമിലെ പ്രധാന ചര്‍ച്ചാവിഷയമായ അദൃശ്യ വീടാണിത്. നെറ്റ്ഫ്ളിക്സ് വിഡിയോയിലൂടെ ഏറെ പ്രശസ്തമായ അമേരിക്കയിലെ ജോഷ്വ ട്രീയിലെ ഇന്‍വിസിബിള്‍ ഹൗസ് സ്വന്തമാക്കാനുള്ള അവസരം എല്ലാവര്‍ക്കുമായി ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്. സിനിമാ നിര്‍മാതാവും വീടിന്റെ ഉടമസ്ഥനുമായ ക്രിസ് ഹാന്‍ലിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം തന്നെയാണ് വീട് ഡിസൈന്‍ ചെയ്തിട്ടുള്ളത്. 18 മില്യണ്‍ യു എസ് ഡോളറാണ് ഈ കണ്ണാടി വീടിന് വിലയിട്ടിരിക്കുന്നത്. ഏകദേശം 1,45,75,72,500 ഇന്ത്യന്‍ രൂപ.
ദ വിര്‍ജിന്‍ സൂയിസൈഡ്സ്, അമേരിക്കന്‍ സൈക്കോ, സ്പ്രിംഗ് ബ്രേക്കേഴ്സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ നിർമിച്ചത് ക്രിസ് ഹാന്‍ലിയാണ്. 5,500 ചതുരശ്ര അടി വിസ്തീര്‍ണമാണ് വീടിന്റെ പുറം ഭാഗത്തിനുള്ളത്. അകത്തളങ്ങളില്‍ നാല് കിടപ്പുമുറികള്‍, മൂന്ന് കുളിമുറികള്‍, 222 ചതുരശ്ര അടി പ്രൊജക്ഷന് ഭിത്തി എന്നിവയുമുണ്ട്. കൂടാതെ വീടിന്റെ നടുത്തളത്തിൽ 100 അടിയോളമുള്ള കുളമുണ്ട്. ഇതാണ് ഈ അദൃശ്യ വീടിന്റെ മറ്റൊരു ആകര്‍ഷണം. ഇതുവരെ അധികമാരും കാണാത്ത സന്ദര്‍ശിച്ചിട്ടുപോലുമില്ലാത്ത ഒറ്റപ്പെട്ട 90 ഏക്കര്‍ സ്ഥലത്താണ് വീട് ഒരുക്കിയിരിക്കുന്നത്.
കണ്ണാടി കൊണ്ട് നിര്‍മിച്ച ഈ വീടിന്റെ പുറംഭാഗത്ത് ചുറ്റുമുള്ള പനോരമിക് ലാന്‍ഡ്സ്കേപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇത് പ്രതിഫലിക്കുമ്പോഴാണ് വീട് അദൃശ്യമായും സുന്ദരമായും തോന്നുന്നത്. അതുകൊണ്ട് തന്നെ അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയൊരു വീടുണ്ടെന്ന് ആർക്കും മനസിലാവില്ല. സൂര്യാസ്തമയങ്ങളില്‍ വീടിന്റെ പുറമെയുള്ള കണ്ണാടി ചില്ലുകളിൽ പ്രകൃതിയുടെ മനോഹര ദൃശ്യം മികച്ച അനുഭവമാണ് നൽകുക.