സൗദി സന്ദർശിക്കാൻ വിദേശികൾക്ക് വ്യക്തിഗത സന്ദർശക വിസ പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. സ്വദേശികളുടെ സുഹൃത്തുക്കള്‍ക്ക് സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കുന്നതാണ് പേഴ്സണല്‍ വിസിറ്റ് വിസകള്‍. വ്യക്തിഗത സന്ദർശക വിസയിൽ രാജ്യത്ത് സഞ്ചരിക്കാനും ഉംറ തീർഥാടനം നടത്താനും മതപരവും ചരിത്രപരവുമായ സ്ഥലങ്ങൾ സന്ദർശിക്കാനും അനുമതിയുണ്ട്.
വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്ഫോം (https://visa.mofa.gov.sa.) വഴിയാണ് വ്യക്തിഗത സന്ദർശക വിസക്ക് സൗദി പൗരന്മാര് അപേക്ഷ നല്‍കേണ്ടത്. സൗദി സന്ദര്‍ശനത്തിന് ക്ഷണിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയും സത്യവാങ്മൂലം അംഗീകരിച്ചും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിസകള്‍ അനുവദിക്കും.
വിസ പ്ലാറ്റ്ഫോമിലെ എൻട്രി വീസ അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഫീസും മെഡിക്കൽ ഇൻഷുറൻസിനുള്ള തുകയും അടക്കണം. മുമ്പ് സമർപ്പിച്ച അപേക്ഷകളുടെ സ്റ്റാസ് അറിയാനും സൈറ്റിൽ സംവിധാനമുണ്ട്. അപേക്ഷയും പാസ്പോർട്ടും വരാനിരിക്കുന്ന വിദേശികളുടെ രാജ്യത്തെ സൗദി അറേബ്യയുടെ എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിച്ച് സ്റ്റാമ്പ് ചെയ്ത് വാങ്ങണം. കര, കടൽ വ്യോമ മാർഗത്തിലൂടെയെല്ലാം ഈ വീസയിൽ വരുന്നവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.