36 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽനിന്ന് ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക്ക്–3 അർധരാത്രി 12.07ന് ആണ് ഉപഗ്രഹങ്ങളുമായി കുതിച്ചത്. വിക്ഷേപണം പൂർണ വിജയമാണെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുതിയ ചരിത്രമാണ് ഇതിലൂടെ രചിക്കപ്പെട്ടത്. 5400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയില്‍ നിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതും ആദ്യമാണ്. യുകെ ആസ്ഥാനമായുള്ള വൺവെബ് കമ്പനിയുടെതാണ് ഉപഗ്രഹങ്ങൾ. ഉപഗ്രഹങ്ങളിൽനിന്ന് നേരിട്ട് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ഉപഗ്രഹ–ശൃംഖലയുടെ ഭാഗമാണിത്.
43 മീറ്റർ ഉയരവും 644 ടണ്ണുമാണ് മാർക് 3യുടെ ഭാരം. 6000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നതിനായി റോക്കറ്റിൽ ഇക്കുറി ചില മാറ്റങ്ങൾ വരുത്തി. പത്ത് ടൺ ഭാരമുള്ള പേടകങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാം. വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത് ആദ്യമായാണ്. വിജയം വാണിജ്യ വിക്ഷേപണരംഗത്ത് വലിയ സാധ്യത തുറക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. വിക്ഷേപണത്തിന് ചെയർമാന് പുറമെ വിഎസ്എസ്സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻനായർ, എൽപിഎസ്സി ഡയറക്ടർ ഡോ. വി നാരായണൻ, ഷാർ ഡയറക്ടർ ഡോ. എ രാജരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
A huge thanks to the teams at @ISRO and @NSIL_India for a successful lift off!
We will continue to provide updates as our 36 satellites begin to separate and start their life in space.#OneWebLaunch14 ???? pic.twitter.com/WQacRB9Al5
— OneWeb (@OneWeb) October 22, 2022