അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവയുദ്ധത്തിന് പിന്നാലെ മാന്ദ്യഭീതിയിൽ ആഗോള സാമ്പത്തിക രംഗം. അമേരിക്കയിലേയും ഇന്ത്യയിലേയും മറ്റു പ്രമുഖ രാജ്യങ്ങളിലേയും ഓഹരി വിപണികളിൽ ഇന്ന് കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഇന്ന് വ്യാപാരം ആരംഭിച്ച് പത്ത് സെക്കൻഡിനകം ഇന്ത്യൻ ഓഹരി വിപണിയിൽ 20 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സെൻസെക്സ് നാലായിരം പോയിൻ്ും നിഫ്റ്റി ആയിരം പോയിൻ്റും ഇടിഞ്ഞു. വിദേശനിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയുന്ന കാഴ്ചയാണ് പൊതുവേ എല്ലാ വിപണികളിലും ദൃശ്യമായത്. ചൈന, ജപ്പാൻ, ഹോംഗ്കോംഗ്, യൂറോപ്യൻ യൂണിയൻ, തായ്വാൻ വിപണികളിൽ എല്ലാം ആശങ്ക വെളിവാകുന്ന രീതിയിൽ ഓഹരികൾ ഇടിഞ്ഞു.
അതേസമയം ട്രംപ് തുടങ്ങി വച്ച തീരുവ യുദ്ധം അമേരിക്കയേയും ലോകത്തേയും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക പല സാമ്പത്തിക വിദഗ്ദ്ദരും പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ചില രോഗങ്ങൾ മാറാൻ മരുന്ന് കഴിക്കേണ്ടി വരുമെന്നും അപ്പോൾ ചില ബുദ്ധിമുട്ടുകളെ നേരിടേണ്ടി വരുമെന്നാണ് ഓഹരി വിപണിയിലെ തകർച്ചയെക്കുറിച്ച് ഡൊണാൾഡ് ട്രംപ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. തീരുവ വിഷയത്തിൽ പല രാജ്യങ്ങളുമായും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീരുവയിൽ ഇളവ് തേടി അൻപതിലേറെ രാജ്യങ്ങൾ സമീപിച്ചുവെന്നാണ് വൈറ്റ് ഹൌസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തീരുവ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
1968-ന് ശേഷമുള്ള ഏറ്റവും വലിയ നികുതി വർധനയെന്നാണ് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ജെപി മോർഗൻ ട്രംപിൻ്റ തീരുവ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം സംഭവിക്കാനുള്ള സാധ്യത അറുപത് ശതമാനമെന്നാണ് ജെപി മോർഗൻ്റെ പ്രവചനം. ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രതീക്ഷിച്ചതിലും കൂടുതലാണെന്നാണ് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻ്റെ മേധാവി ജെറോം പവലും പ്രതികരിച്ചു. പുതിയ തീരുവ യുദ്ധം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പം കുത്തനെ കൂടാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.