ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഇന്ന് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ ഇന്നലെ തന്നെ പൂർത്തീകരിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്തപുരി വീണ്ടും ക്രിക്കറ്റ് ആവേശത്തിലായിരിക്കുന്നത്. പാർക്കിംഗ് ഫീസ് സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതെന്ന് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
കാര്യവട്ടത്ത് മലയാളി താരം സഞ്ജു സാംസണ് ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നതെന്ന നിരാശ മലയാളി ആരാധകർക്കുണ്ടെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും ഫോം വീണ്ടെടുത്ത വിരാട് കോലിയേയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് സ്ഥാനമുറപ്പാണ്. യൂസ്വേന്ദ്ര ചാഹലിന് മറ്റൊരു അവസരം കൂടി ലഭിച്ചേക്കും. ശേഷിക്കുന്ന ഒരു സ്ഥാനത്ത് ദീപക് ചാഹര്‍ അല്ലെങ്കില്‍ റിഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ സ്ഥാനം പിടിച്ചേക്കും.
മത്സരത്തിനായുള്ള അവസാനഘട്ട പരിശീലനം കാര്യവട്ടത്ത് പുരോഗമിക്കുകയാണിപ്പോൾ. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും നിര്‍ണായകമാണ് ഈ പരമ്പര. ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര.
സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി ഹിന്ദി എന്നീ ചാനലുകളില്‍ മത്സരം തല്‍സമയം കാണാം. ഡിസ്നി+ഹോട്സ്റ്റാര് വഴി ഓണ്‍ലൈനിലും മത്സരം കാണാം.