വേനലവധി കഴിഞ്ഞ് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനാൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനനിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 45 മുതൽ 50 ശതമാനം വരെ ഉയരും. കൊച്ചി, കോഴിക്കോട്, ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ആവശ്യം കുത്തനെ ഉയരുന്നതായി വിവിധ ട്രാവൽ ഏജന്റുമാർ പറഞ്ഞു.
വേനൽക്കാല അവധിക്ക് ശേഷം ബിസിനസ്സ് യാത്രകൾ പുനരാരംഭിക്കാൻ പോകുന്നതിനാൽ ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള യുഎഇയിലേക്കുള്ള വൺവേ ടിക്കറ്റുകളുടെ വില ഓഗസ്റ്റ് 15 ന് ശേഷം 45 മുതൽ 50 ശതമാനം വരെ വർദ്ധിക്കുമെന്നാണ് ട്രാവൽ ഏജൻസികളുടെ വിലയിരുത്തൽ. നിലവിൽ ശരാശരി 1,200 ദിർഹമുള്ള ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് 15 ന് ശേഷം 1,300 മുതൽ 1,900 ദിർഹം വരെ ഉയരും.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന ആദ്യ വർഷമാണിത്. പല കുടുംബങ്ങൾക്കും, പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികളുള്ളവർക്ക് സ്കൂൾ പുനരാരംഭിക്കുന്നതിന് കൃത്യസമയത്ത് മടങ്ങിയെത്തേണ്ടതിനാൽ അവധി കഴിഞ്ഞ് മടങ്ങുകയല്ലാതെ മറ്റ് മാർഗവുമില്ല.