ദില്ലി: ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന സമയം പകുതിയായി കുറയ്ക്കാൻ സാധിക്കുന്ന എയർപോർട്ട് സ്കാനറുകൾ വരുന്നു. സുരക്ഷാ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്ന ബോഡി സ്കാനറുകൾ ഉപയോഗിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി. ഇതോടെ വിമാനത്താവളത്തിലെ ചെക്കിംഗ് സമയം കാര്യമായി കുറയ്ക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഒരു യാത്രക്കാരനെ സ്വമേധയാ പരിശോധിക്കാൻ ശരാശരി 30 സെക്കൻഡ് എടുക്കും. എന്നാൽ ഈ മില്ലിമീറ്റർ-വേവ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫുൾ ബോഡി സ്കാനറുകൾ വിന്യസിച്ചാൽ, 15 സെക്കൻഡിനുള്ളിൽ പരിശോധന പൂർത്തിയാക്കാൻ കഴിയുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹി, ബെംഗളൂരു തുടങ്ങിയ തിരക്കേറിയ വിമാനത്താവളങ്ങളിൽ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് ഈ ബോഡി സ്കാനറുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയതെന്ന് എ.എ.ഐ അധികൃതർ വ്യക്തമാക്കി. പരീക്ഷണ റിപ്പോർട്ട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ ആൻഡ് സെക്യൂരിറ്റിക്ക് (ബിസിഎഎസ്) കൈമാറുകയും വിശദമായ ചർച്ചകൾക്ക് ശേഷം പുതിയ ബോഡി സ്കാനറുകൾക്ക് അനുമതി നൽകുകയും ചെയ്തു.
“മെറ്റൽ ഡിറ്റക്ടറിൽ നിന്ന് വ്യത്യസ്തമായി, മില്ലിമീറ്റർ-വേവ് അടിസ്ഥാനമാക്കിയുള്ള ഫുൾ ബോഡി സ്കാനർ, യാത്രക്കാരന്റെ വസ്ത്രത്തിനടിയിൽ ഒളിഞ്ഞിരിക്കുന്ന ദ്രാവകമോ പ്ലാസ്റ്റിക്കോ കണ്ടെത്തുന്നതിന് സഹായിക്കും. ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പുതിയ സ്കാനർ – എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിവിധ വിമാനത്താവളങ്ങളിൽ 131 ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കാനാണ് പദ്ധതി.
“ഓരോ വിമാനത്താവളത്തിലെയും ഫുൾ ബോഡി സ്കാനറുകളുടെ എണ്ണം യാത്രക്കാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. അംഗീകൃത ബോഡി സ്കാനറുകൾ കൃത്യതയേറിയതും സ്വകാര്യത ഉറപ്പാക്കുന്നതും ആരോഗ്യത്തിന് അപകടമുണ്ടാക്കാത്തതുമാണ്. ഇത് വേഗതയേറിയതായതിനാൽ, സുഗമമായ സുരക്ഷാ പരിശോധനകൾക്ക് ഉപകാരപ്പെടും.” ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡോർ ഫ്രെയിം-ടൈപ്പ് മെറ്റൽ ഡിറ്റക്ടറുകളും (ഡിഎഫ്എംഡി) യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള മെറ്റൽ ഡിറ്റക്ടറുകളുമുള്ള നിലവിലുള്ള സുരക്ഷാ സംവിധാനത്തിന് പകരം ഘട്ടം ഘട്ടമായി പുതിയ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിച്ചാലും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണ് ഇന്ത്യ. വരുന്ന വർഷങ്ങളിൽ ഇന്ത്യൻ വ്യോമയാന വിപണിയിൽ വൻകുതിച്ചു ചാട്ടം ഉണ്ടാകും എന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ സാഹചര്യം മുന്നിൽ കണ്ട് യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയും ലോകോത്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
നാല് കോടി രൂപയാണ് ഒരു ഫുൾ ബോഡി സ്കാനറിൻ്റെ ഏകദേശ വില. 131 സ്കാനറുകൾ വാങ്ങാനാണ് തീരുമാനം. ഇതിനായുള്ള ടെൻഡർ ഉടനെ വിളിക്കും. ഇതിനോടകം ചില യൂറോപ്യൻ കമ്പനികൾ കരാറിൽ താത്പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടൊപ്പം 600 പുതിയ ഡ്യുവൽ വ്യൂ എക്സ്-റേ ഹാൻഡ്-ബാഗേജ് സ്കാനറുകളും വാങ്ങുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.