മെസ്സിയും നെയ്മറും റൊണാൾഡോയുമെല്ലാമാണ് ഇപ്പോൾ നമുക്കിടിയിൽ സജീവമായ പേരുകൾ. വേൾഡ് കപ്പുകൾ പലതുവന്നിട്ടും ആഘോഷങ്ങളിൽ ഈ പേരുകൾക്കൊപ്പം ചേർത്ത് വെക്കാൻ ഇന്ത്യയില്ല. എന്നാൽ 1950 ലെ ലോകകപ്പിൽ ഇന്ത്യ യോഗ്യത നേടിയിരുന്നു.
1948 ഒളിമ്പിക്സിന് ശേഷം നഗ്നപാദരായി കളിക്കുന്നത് ഫിഫ നിരോധിച്ചു. ഇന്ത്യ അന്നുവരെ നഗ്നപാദരായി ആണ് ഫുട്ബോള് കളിച്ചിരുന്നത്. ബൂട്ട് ഉപയോഗിച്ച് കളിക്കുന്നതിലുള്ള പരിചയമില്ലായ്മയും യാത്രാചിലവും കാരണം ഇന്ത്യ പിന്മാറുകയായിരുന്നു. അന്ന് മുതൽ ഇന്ത്യക്ക് ലോകകപ്പ് ഒരു സ്വപ്നമാണ്.
ക്രിക്കറ്റിന് നൽകുന്ന പ്രാധാന്യം നൽകുന്നില്ല, സ്റ്റേഡിയം ഇല്ല, രാഷ്ട്രീയം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ത്യ ലോകകപ്പ് കളിക്കാത്തതിന് കാരണമായി പറയുന്നത്. എന്നാൽ അടിസ്ഥാനപരമായ വികസനമാണ് വേണ്ടതെന്ന് കായിക വിദഗ്ധർ പറയുന്നു.
ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായ സുനിൽ ഛേത്രിയിലൂടെയാണ് ഇന്ത്യ നേടിയ വിജയങ്ങളിൽ 90 ശതമാനവും എന്നതും വിസ്മരിക്കരുത്. നിലവിൽ അന്താരാഷ്ട്ര ഗോൾ നേട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പമാണ് ഛേത്രിയുടെ സ്ഥാനം. ഏറ്റവും കൂടുതൽ ഗോൾ നേടിയ ലോകത്തെ ആദ്യത്തെ 10 താരങ്ങളിൽ ഛേത്രി ആറാമാനാണ്. ഇത് ഇന്ത്യൻ ഫുട്ബോളിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ഒന്നാണ്.
ഫിഫ റാങ്കിംഗിൽ നിലവിൽ 106ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം 2026ൽ പൂവണിയുമെന്നാണ് ആരാധകരുടെ വിശ്വാസം. 2026 ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ 48 ആയിരിക്കും. ഏഷ്യയിൽ നിന്ന് 8 ടീമുകൾക്ക് യോഗ്യത ലഭിക്കും. ഇത് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. കൂടാതെ 2026ൽ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടുമെന്ന് വിഖ്യാത ഇംഗ്ലീഷ് താരം ഷോൺ റൈറ്റ് ഫിലിപ്സും പറഞ്ഞിരുന്നു.