സാമ്പത്തിക രംഗത്ത് യുണൈറ്റഡ് കിംഗ്ഡം തകർച്ച നേരിട്ടതോടെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ഇന്ത്യ യുകെയെ പിന്നിലാക്കുന്നത് ആദ്യമായല്ല, 2019ലായിരുന്നു ആദ്യ മുന്നേറ്റം. ഉയർന്ന ജീവിതച്ചെലവാണ് യുണൈറ്റഡ് കിംഗ്ഡത്തെ തളർത്തിക്കളഞ്ഞത്.
അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ ഇന്ത്യ മുന്നേറ്റം നടത്തിയിട്ടുണ്ട്. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായി ഉയർന്നു ഇന്ത്യയുടെ വളർച്ച. യുകെയിൽ ഇത് 814 ബില്യൺ ഡോളറായി താഴുകയും ചെയ്തു.
നാല് പതിറ്റാണ്ടിനിടയിലെ ഭീകരമായ പണപ്പെരുപ്പത്തിൽ പെട്ടുനിൽക്കുകയാണ് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024 വരെ മാന്ദ്യം നീണ്ടുപോകാനും സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയാകട്ടെ ഈ വർഷം 7 ശതമാനത്തിലധികം വളർച്ച നേടുമെന്നാണ് പ്രവചനം.
സമ്പദ്വ്യവസ്ഥയിൽ ഇന്ത്യ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവക്ക് പുറകിലാണ്. ഐഎംഎഫിന്റെ പ്രവചനം ശരിയായാൽ വാർഷികാടിസ്ഥാനത്തിൽ ഇന്ത്യ കൂടുതൽ മുന്നേറ്റം നടത്തും. ഈ വർഷം ഇന്ത്യൻ രൂപക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞതായും ബ്ലൂംബെർഗ് റിപ്പോർട്ടുകളുണ്ട്.