വിദേശരാജ്യങ്ങളിൽ ഐ ഐ ടി ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗത്തിലാക്കി ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. മലേഷ്യയിലും ടാന്‍സാനിയയിലും അബുദാബിയിലുമാണ് ഒരു വര്‍ഷത്തിനകം ഐ ഐ ടി തുറക്കാൻ പദ്ധതിയിടുന്നതെന്ന് ഐ ഐ ടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ. വി കാമകോടി പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിൽ രാജ്യത്തെ 23 ഐ ഐ ടികളും പങ്കെടുത്ത ദ്വിദിന പരിപാടി ഡല്‍ഹിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. ഐ ഐ ടി ഇന്നൊവേഷന്‍സ് എന്നു പേരിട്ട പരിപാടിയില്‍ 75 പ്രോജക്ടുകളാണ് അവതരിപ്പിച്ചത്. മുന്‍നിരയിലുള്ളവരുടെ വിവരസാങ്കേതികവിദ്യയും ആശയവിനിമയ സാങ്കേതികവിദ്യയും ഉപയോഗിച്ച് വളര്‍ച്ചയുടെയും വികാസത്തിന്റെയും അടുത്ത ഘട്ടത്തെ സാങ്കേതികവിദ്യ നയിക്കും. ഐ ഐ ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നുള്ള ഫാക്കല്‍റ്റി അംഗങ്ങളുടെ ഉന്നതതല സംഘം ഈ മാസം അബുദാബി സന്ദര്‍ശിക്കും. യു എ ഇയില്‍ ഐ ഐ ടി കാമ്പസ് സ്ഥാപിക്കാനുള്ള നിര്‍ദേശം ഈ വര്‍ഷം ഫെബ്രുവരി 18 നാണു തത്വത്തില്‍ പ്രഖ്യാപിച്ചത്. അന്നുമുതല്ക്കേ നിര്‍ദേശം പ്രാവര്‍ത്തികമാക്കുന്നതിനുള്ള രീതികള്‍ രൂപപ്പെടുത്തുന്നതിന് ഇരുപക്ഷവും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സന്ദർശനം. അതേസമയം നിര്‍ദേശം നടപ്പാക്കുന്നതിനായി ഡല്‍ഹിയിലെ ഐ ഐ ടിയുടെ ഒരു ചെറിയ സംഘം അബുദാബിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിദേശ ഐഐടി കാമ്പസുകളിലെ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമേ ഇന്ത്യക്കാരായിരിക്കൂ. ബാക്കി സീറ്റുകള്‍ അതതു രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവയ്ക്കുംമെന്ന് ഐ ഐ ടി കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിദഗ്ധ സമിതി നല്കിയ ശുപാര്‍ശയില്‍ പറയുന്നു.