അരുണാചൽ അതിർത്തിയിൽ നിർണായക നീക്കവുമായി ഇന്ത്യ. അതിർത്തി കടന്നുള്ള ചൈനീസ് നീക്കത്തെ പ്രതിരോധിക്കാൻ വ്യോമസേന അതിർത്തിയിൽ പോർവിമാനങ്ങൾ വിന്യസിപ്പിച്ചു. ന്യൂക്ലിയർ ആക്രമണം തടയാനുള്ള സജ്ജീകരണങ്ങൾ അതിർത്തിയിൽ ചൈനയും നടത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയിലാണ് ഇന്ത്യ- ചൈന സൈനികർ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ചില ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വെള്ളിയാഴ്ച അരുണാചലിലെ തവാങ് സെക്ടറിലാണ് ആക്രമണം നടന്നത്. 300ഓളം ചൈനീസ് സൈനികർ ഇന്ത്യൻ മേഖലയിലേക്കെത്തുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ പറഞ്ഞു. ശക്തമായ തിരിച്ചടി നൽകിയതായും സൈന്യം അറിയിച്ചു.
സംഘർഷത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉടൻ പാർലമെന്റിൽ പ്രസ്താവന നടത്തും. ഇന്ത്യയുടെ പ്രതികരണം ചർച്ച ചെയ്യാൻ അദ്ദേഹം മൂന്ന് സൈനിക മേധാവികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.