കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച പാക്കിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിനോട് ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) തിരിച്ചടിച്ച് ഇന്ത്യ. ‘‘സ്വന്തം രാജ്യത്ത് ജനങ്ങൾ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനുമായി പേരാടുന്ന സമയത്ത് പാക്കിസ്ഥാൻ്റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണ്. അവിടുത്തെ നേതൃത്വത്തോടും ഉദ്യോഗസ്ഥരോടും അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നതിനു പകരം സ്വന്തം ജനതയുടെ കാര്യം ശ്രദ്ധിക്കാൻ ഉപദേശിക്കുന്നു’’ – കൗൺസിലിൽ ഇന്ത്യയുടെ പ്രതിനിധി സീമ പൂജാനി മറുപടി നൽകി.
‘‘ഇന്ത്യയിലെ അധിനിവേശ അധികാരികൾ, വീടുകൾ പൊളിച്ചുനീക്കിയും ഭൂമിയുടെ പാട്ടം അവസാനിപ്പിച്ചും കശ്മീരികളുടെ ഉപജീവനമാർഗങ്ങൾ ഇല്ലാതാക്കുകയും കശ്മീരികൾക്കെതിരായ ശിക്ഷ വർധിപ്പിച്ചിരിക്കുകയും ചെയ്യുന്നു’’– എന്നായിരുന്നു ഹിന റബ്ബാനി ഖാറിൻ്റെ വിമർശനം.
ജമ്മു കശ്മീർ വിഷയത്തിൽ തുർക്കി പ്രതിനിധിയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷനും (ഒഐസി) നടത്തിയ അഭിപ്രായങ്ങളെയും സീമ പൂജാനി അപലപിച്ചു. ‘‘ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ തുർക്കി നടത്തിയ അഭിപ്രായങ്ങളെ അപലപിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയത്തിൽ ആവശ്യപ്പെടാത്ത അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഉപദേശിക്കുന്നു’’– സീമ പൂജാനി വ്യക്തമാക്കി.
‘‘ഒഐസി ജമ്മു കശ്മീരിനെക്കുറിച്ച് നടത്തിയ അനാവശ്യ പരാമർശങ്ങൾ നിരസിക്കുന്നു. ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവൻ പ്രദേശങ്ങളും എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഇന്ത്യൻ പ്രദേശത്ത് പാക്കിസ്ഥാൻ നിയമവിരുദ്ധമായ അധിനിവേശമാണ് നടത്തുന്നത്. ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദം ഉപേക്ഷിക്കാനും ഇന്ത്യൻ പ്രദേശത്തെ അധിനിവേശം പിൻവലിക്കാനും പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതിനുപകരം, ഒഐസി, ഇന്ത്യയ്ക്കെതിരെ ദുരുദ്ദേശപരമായ പ്രചരണത്തിന് അനുവാദം നൽകുകയാണ്’’– സീമ പൂജാനി തിരിച്ചടിച്ചു.