യുക്രൈനിൽ എത്രയും വേഗം സമാധാനം സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു. എത്രും പെട്ടെന്ന് യുക്രൈനിൽ സമാധാനം സ്ഥാപിക്കണമെന്നാണ് യുഎൻ ചാർട്ടറിലെ നിയമങ്ങൾക്കനുസൃതമായുള്ള പ്രമേയത്തിൽ ആവശ്യപ്പെട്ടത്. 193 അംഗ ജനറൽ അസംബ്ലിയിൽ പ്രമേയത്തിനനുകൂലമായി 141 വോട്ടുകൾ ലഭിച്ചു. ഏഴ് വോട്ടുകൾ എതിർപ്പുകളായും ലഭിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു.
യുക്രൈനിൽ സമാധാനം സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകാനാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിവെയ്പ്പ് നിർത്തലാക്കുന്നതിനും സംവാദത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിൽ ഇരു രാജ്യങ്ങളെയും എത്തിക്കുന്നതിനുമായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
കഴിഞ്ഞ സെപ്തംബറിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇന്ത്യ സമാധാനത്തിന്റെയും ചർച്ചയുടെയും ഭാഗത്താണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അതിന് നേരെ വിപരീതമായ നിലപാടാണ് ഇപ്പോൾ ജനറൽ അസംബ്ലിയിൽ സ്വീകരിച്ചത്.