തിരുവനന്തപുരം: തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂളിൻ്റെ കാര്യത്തിൽ തീരുമാനമായി. ഏപ്രിൽ 25 ചൊവ്വാഴ്ച പുലർച്ചെ 05.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30-ഓടെ കണ്ണൂരിലെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്നും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെട്ട് രാത്രി 9.20-ഓടെ വേഗരാജൻ വന്ദേഭാരത് തലസ്ഥാനത്ത് തിരികെയെത്തും.
78 സീറ്റുകളുള്ള 12 ഇക്കോണമി കോച്ചുകളും 54 സീറ്റുകളുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും ഏറ്റവും മുന്നിലും പിന്നിലുമായി 44 സീറ്റുകളുള്ള രണ്ട് ഇക്കോണമി കോച്ചുകളും അടങ്ങിയതാണ് വന്ദേഭാരത് ട്രെയിൻ. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഭക്ഷണമടക്കം 1400 രൂപയാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് ചാർജ്ജ്. എക്സിക്യൂട്ടീവ് സീറ്റിൽ കണ്ണൂർ വരെ യാത്ര ചെയ്യാൻ 2400 രൂപയാവും. ഉദ്ഘാടന ദിവസം തെരഞ്ഞെടുത്ത യാത്രക്കാരുമായിട്ടാവും വന്ദേഭാരതിൻ്റെ ആദ്യയാത്ര. വന്ദേഭാരതിൻ്റെ ഷെഡ്യൂൾ സംബന്ധിച്ച് വിശദമായ വിജ്ഞാപനം ദക്ഷിണറെയിൽവേ ഉടനെ പുറത്തുവിടും എന്നാണ് കരുതുന്നത്.
ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം വന്ദേഭാരതിൽ കൊല്ലം വരെ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ എസ്.പി.ജിയുടെ അനുമതി കാക്കുകയാണ് റെയിൽവേ അധികൃതർ. ഏപ്രിൽ 26 ബുധനാഴ്ച മുതൽ യാത്രക്കാർക്ക് വന്ദേഭാരതിൽ മുൻകൂട്ടി ബുക്ക് ചെയ്തു സഞ്ചരിക്കാം. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി വന്ദേഭാരത് ചിത്രമത്സരം റെയിൽവേ സംഘടിപ്പിച്ചിരുന്നു. ഇതിൽ ജേതാക്കളായ കുട്ടികളാവും പ്രധാനമന്ത്രിക്കൊപ്പം വന്ദേഭാരത് കന്നിയാത്രയിലുണ്ടാവുക എന്നാണ് സൂചന.