പുതിയൊരു മെച്ചപ്പെട്ട ജീവിതം തേടി ഇന്ത്യക്കാര്‍ കുടിയേറി പാര്‍ക്കാന്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിൽ മുന്‍പന്തിയിലാണ് കാനഡ. സാമൂഹിക സുരക്ഷ, മികച്ച അടിസ്ഥാനസൗകര്യങ്ങള്‍, ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ലഭിക്കുന്ന ക്ഷേമപരിപാടികള്‍ എന്നിങ്ങനെ ഏതൊരു ശരാശരി ഇന്ത്യക്കാരനെയും ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.
1) പെർമനെൻറ് റെസിഡൻസി
തൊഴിലിനും പെര്‍മനന്റ് റെസിഡന്‍സിക്കുമായി (പിആര്‍) കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് വഴികളാണ് പ്രധാനമായുള്ളത്. ഉന്നതപഠനത്തിനായി കാനഡയില്‍ എത്തി പഠനം പൂർത്തിയാക്കിയതിന് ശേഷം അവിടെതന്നെ ജോലി സമ്പാദിച്ച് പെര്‍മനന്റ് റെസിഡന്‍സി കരസ്ഥമാക്കുക എന്നതാണ് ആദ്യ മാർഗം. പഠനത്തിനൊപ്പം ജോലി ചെയ്യാനുള്ള സംവിധാനവുമുണ്ട്. ഒരു വര്‍ഷം പഠിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്കും രണ്ട് വര്‍ഷ കോഴ്സ് പഠിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്കും പഠനശേഷമുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റും ലഭിക്കുകയും ചെയ്യും. ഈ കാലയളവില്‍ നേടുന്ന കനേഡിയന്‍ തൊഴില്‍ പരിചയം പെര്‍മനന്റ് റെസിഡന്‍സിയിലേക്കുള്ള ആദ്യ ചവിട്ടു പടിയാണ്.
2) എക്സ്പ്രസ് എന്‍ട്രി (എഫ് എസ് ഡബ്ല്യൂ പെർമനെന്റ് റെസിഡൻസി )
ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ എന്ന വിഭാഗത്തില്‍ എക്സ്പ്രസ് എന്‍ട്രി വഴി നേരിട്ട് പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കുകയാണ് രണ്ടാമത്തെ മാർഗം. ഇന്ത്യയില്‍ നിന്നും പിഎച്ച്ഡി, ബിരുദാനന്തരബിരുദം, ബിഡിഎസ്, ഫാം ഡി, എന്‍ജിനീയറിങ് മുതലായ വിദ്യാഭ്യാസ യോഗ്യതകളിലൊന്നോ രണ്ട് മുതല്‍ ആറ് വര്‍ഷത്തെ തൊഴില്‍ പരിചയമോ ആണ് ആവശ്യമായ യോഗ്യത. കൂടാതെ ഐഇഎല്‍ടിസില്‍ റൈറ്റിങ്-7, റീഡിങ്-7, സ്പീക്കിങ്-7, ലിസനിങ്-8 എന്നിവയും നിർബന്ധമാണ്. (കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക് സി എൽ ബി -9)
അതേസമയം കോവിഡ് മൂലം കെട്ടിക്കിടന്ന എക്സ്പ്രസ് എന്‍ട്രി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് കുറച്ച് കാലം ഈ പ്രോഗ്രാം വഴിയുള്ള നറുക്കെടുപ്പുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന് ശേഷം ജൂലൈയില്‍ പുനരാരംഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സ്കില്‍ഡ് വര്‍ക്കേഴ്സിന്റെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്ന കോംപ്രിഹന്‍സീവ് റാങ്കിങ് സിസ്റ്റം(സിആര്‍എസ്) സ്കോര്‍ ആറ് മാസത്തിനുള്ളില്‍ 2017-2019 ലെ നിലയിലേക്ക് എത്താനുള്ള സാധ്യതയും കണക്കാക്കുന്നു. ഒക്ടോബർ മാസം മുതൽ 500 ൽ നിന്ന് 499ന് താഴേക്ക് സി ആർ എസ് സ്കോർ എത്തുന്നത് ഇന്ത്യയിൽ നിന്ന് ഇമിഗ്രേഷൻ അപ്ലൈ ചെയ്ത് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നു.
3) പ്രൊവിന്‍ഷ്യല്‍ നോമിനേഷന് പ്രോഗ്രാം (പിഎന്‍പി)
കുറഞ്ഞ സിആര്‍എസ് സ്കോര്‍ ഉള്ളവര്‍ക്കും കാനഡ കുടിയേറ്റം സാധ്യമാക്കുന്ന മൂന്നാമത്തെ മാര്‍ഗ്ഗമാണ് കാനഡ പ്രൊവിന്‍ഷ്യല്‍ നോമിനേഷന് പ്രോഗ്രാം(പിഎന്‍പി). ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പോലെ കാനഡയിലുള്ള പ്രവിശ്യകളാണിത്. ഇവിടേക്ക് ആവശ്യമായ പ്രഫഷണലുകളെ മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നതിനുള്ള സംവിധാനമാണ് പിഎന്‍പി. ഐടി, എന്‍ജിനീയറിങ് മേഖലകളില്‍ മാനേജ്മെന്റ്, നഴ്സസ് തലത്തില്‍ തൊഴില്‍ പരിചയമുള്ളവര്‍ക്ക് കൂടുതലും ഈ മാര്‍ഗ്ഗത്തിലൂടെ പിആര്‍ ലഭിക്കും.