സൗദിയിലുള്ള പ്രവാസികൾക്ക് ഇനി മുതൽ ഇഖാമ പ്രിന്റ് ചെയ്ത് കാർഡ് രൂപത്തിലാക്കി കൈവശം വെക്കുന്നത് നിർബന്ധമല്ല. പകരം സ്മാർട്ട് ഫോണിൽ ലഭ്യമാകുന്ന ഡിജിറ്റൽ ഇഖാമ കൈവശം സൂക്ഷിച്ചാല്‍ മതിയാകുമെന്ന് ജവാസത്ത് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റോ പരിശോധന സമയത്ത് ഇഖാമ ആവശ്യപ്പെട്ടാൽ ഫോണിലുള്ള ഡിജിറ്റൽ കോപ്പി കാണിച്ചാൽ മതിയാകുമെന്നും ജവാസാത്ത് വ്യക്തമാക്കി.
ഇഖാമ പുതുക്കിയതിന് ശേഷം പുതിയ പ്രിന്റ് എടുക്കുന്നതിനായി ജവാസത്ത് ഓഫീസിൽ ഇനി മുതൽ പ്രവാസികൾ എത്തേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഇഖാമ പുതുക്കുന്നതിന് മൂന്ന് ദിവസത്തിൽ കൂടുതൽ വൈകിയാൽ പിഴ ഈടാക്കും. 500 റിയാലാണ് പിഴ നൽകേണ്ടി വരിക. കൂടുതൽ ദിവസങ്ങൾ എടുത്താൽ 1000 റിയാൽ വരെ പിഴ ഉയരുകയും ചെയ്യും.
അതേസമയം മുഖീം ഐഡി പുതുക്കുന്നതിന് 5 വർഷമാണ് കാലാവധി. ഇതിനും കാലാവധി കഴിഞ്ഞാൽ പുതുക്കണമെന്ന നിയമമുണ്ട്. അബ്ഷീർ പ്ലാറ്റ് ഫോം വഴിയാണ് ഐഡി പുതുക്കേണ്ടത്. തൊഴിലുടമയ്ക്കാണ് ഇത് പുതുക്കേണ്ട ബാധ്യതയെന്നും ജവാസാത്ത് പറഞ്ഞു.