കോഴിക്കോട്: മലബാറിൽ നിലവിലെ റെയിൽവേ ട്രാക്കിന് സമാന്തരമായി മൂന്നാമതൊരു പാത കൂടി പണിയാൻ കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്ന് വടകര എംപി ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലാണ് ഷാഫി പറമ്പിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്രബജറ്റിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിൽ എംപിമാരുടെ യോഗം വിളിച്ചത്.

മലബാറിലെ യാത്രാ സൗകര്യങ്ങള്‍ ഏറെ പരിമിതമാണ്. റെയില്‍വേയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇതിനൊരു പരിഹാരമാണ് മൂന്നാം റെയിൽപാത. കാര്യമായ സ്ഥലമേറ്റെടുക്കാതെ തന്നെ മംഗലാപുരം – ഷൊർണ്ണൂർ റൂട്ടിൽ മൂന്നാം പാത സാധ്യമാണെന്നും മലബാർ ജില്ലകളിലെ ലക്ഷണക്കിന് യാത്രക്കാർ ഇതു ആശ്വസമാകുമെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. മൂന്നാം പാതയ്ക്കായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തലശേരി – മൈസൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ കര്‍ണാടകയുമായി വീണ്ടും കേരളം ചർച്ച നടത്തണമെന്നും ഷാഫി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ കർണാടകയുമായി നേരത്തെ നടത്തിയ ചർച്ചകളിൽ കാര്യമായ ഗുണമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കർണാടകയിൽ ഇപ്പോൾ ഉണ്ടായ ഭരണമാറ്റ സാധ്യതകൾ ഉപയോഗപ്പെടുത്തി വീണ്ടും ചർച്ച നടത്തണമെന്ന് ഷാഫി പറഞ്ഞു. ഇക്കാര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി വേണുഗോപാലിന് ഇടപെടാൻ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കർണാടക സർക്കാരുമായി സംസാരിക്കാമെന്ന് കെ.സി വ്യക്തമാക്കി. ഇതോടെ വിഷയം കർണാടകയുമായി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
