ഷാർജ വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ലഭിച്ചു. മിഡിൽ ഈസ്റ്റിൽ എ സി ഐ യുടെ അക്രെഡിറ്റേഷൻ പ്രോഗ്രാമിൻ്റെ അംഗീകാരം നേടുന്ന ഏട്ടാമത്തെ വിമാനത്താവളമാണ് ഷാർജ.
പോളണ്ടിലെ ക്രാക്കോവിൽ വച്ച് നടന്ന എ സി ഐ ആഗോള ഉച്ചകോടിയിൽ ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സാലിം അൽ മിദ്ഫയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. അതേസമയം മാർച്ചിൽ മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരവും ഷാർജ വിമാനത്താവളത്തിന് ലഭിച്ചിരുന്നു.
ഓരോ വർഷവും 50 ലക്ഷം മുതൽ ഒന്നരക്കോടി യാത്രക്കാർ വരുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഷാർജ എയർപോർട്ടിന് ഒന്നാം സ്ഥാനം ലഭിച്ചത്. യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ അനുഭവം നൽകുന്നതിനായുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അവാർഡാണിതെന്ന് അൽ മിദ്ഫ പറഞ്ഞു. ബിസിനസ്സിനും യാത്രയ്ക്കും യോജിച്ച സ്ഥലമാണ് ഷാർജ. ആ നിലയിലേക്കുള്ള കരുത്താർജിക്കുന്നുണ്ടെന്നതിൻ്റെ തെളിവാണ് ഇത്രയുമധികം യാത്രക്കാരുടെ എണ്ണം വർധിച്ചുവരാനുള്ള കാരണമെന്ന് എയർപോർട്ട് അധികൃതർ പറയുന്നു.