‘ഹുറൂബ്’ നിയമത്തില്‍ മാറ്റം വരുത്തിയതായി സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം. തൊഴിലില്‍നിന്ന് വിട്ടു നിൽക്കുന്നതായോ തൊഴിലുടമയുടെ കീഴിൽ നിന്ന് ഒളിച്ചോടിയെന്നോ കാണിച്ച് സ്പോണ്സര് നല്കുന്ന പരാതിയില്‍ വിദേശ തൊഴിലാളിക്കെതിരെ സ്വീകരിക്കുന്ന നിയമനടപടിയാണ് ‘ഹുറൂബ്’. ഇപ്രകാരം പരാതി ലഭിച്ചാൽ അത് ഹുറൂബായി സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് രണ്ടുമാസത്തെ സാവകാശം തൊഴിലാളിക്ക് നൽകുന്നതാണ് നിയമത്തിലെ പുതിയ മാറ്റം.
രണ്ട് മാസം കൊണ്ട് തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് നേടി രാജ്യം വിടുകയോ പുതിയ തൊഴിലുടമയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്യാം. ഇതിലേതെങ്കിലും ഒന്ന് ചെയ്തിട്ടില്ലെങ്കിൽ 60 ദിവസം പൂര്‍ത്തിയാവുന്നതോടെ ‘ഹുറൂബ്’ സ്ഥിരപ്പെടുത്തും. അതോടെ മുഴുവന്‍ സര്‍ക്കാര്‍ രേഖകളിലും തൊഴിലാളി ഒളിച്ചോടിയവന്‍ (ഹുറൂബ്) എന്ന ഗണത്തിലേക്ക് വരും. കൂടാതെ ശിക്ഷാ നടപടികള്‍ നേരിടേണ്ടതായും വരും. ഈ മാറ്റം ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ പ്രാബല്യത്തിൽ വന്നു.
ഇനിമുതൽ ഹുറൂബ് ആകുന്നവര്‍ക്കാണ് ഈ മാറ്റം ബാധകമാവുക. മുൻപ് ഹുറൂബിലായി കുറേക്കാലം കഴിഞ്ഞവർക്ക് ഞായറാഴ്ച (ഒക്ടോബര്‍ 23) മുതല്‍ 15 ദിവസത്തിനുള്ളില്‍ മറ്റൊരു തൊഴിലുടമയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാനുള്ള അവസരം നല്‍കിയിട്ടുണ്ട്. ഇത് ഹൗസ് ഡ്രൈവറുള്‍പ്പടെയുള്ള സ്വകാര്യ, ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് ബാധകമല്ലെന്നാണ് വിവരം.