കർവാർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന് വേണ്ടി ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്താൻ ഡ്രഡ്ജർ എത്തിക്കും. ഗോവയിൽ നിന്നും തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കാനാകുമെന്നാണ് കരുതുന്നത്. ഡ്രഡ്ജർ ഗോവയിൽ നിന്നും ജലമാർഗം ഷിരൂരിൽ എത്തിക്കാൻ 22 ലക്ഷം രൂപയോളം ചെലവ് വരും. ആകെ അൻപത് ലക്ഷം രൂപ ഡ്രെഡ്ജറിന് വേണ്ടി മാത്രം ചിലവാക്കേണ്ടി വരുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലെ വിലയിരുത്തൽ. നാല് ലക്ഷമാണ് ഡ്രഡ്ജറിൻ്റെ ദിവസവാടക.
ഗോവയിൽ നിന്നും നദികളിലൂടെ തന്നെ ഡ്രഡ്ജർ ഗംഗാവലി പുഴയിലെ അപകടമേഖലയിൽ എത്തിക്കാനാണ് ഇന്നത്തെ യോഗത്തിലുണ്ടായ തീരുമാനം. നദികളിൽ പലയിടത്തും പാലങ്ങൾക്കിടയിലൂടെ ഡ്രഡ്ജർ കടന്നു പോകാൻ പ്രത്യേക സംവിധാനം ഒരുക്കേണ്ടി വരും. എത്രയും വേഗം ഡ്രഡ്ജർ കർവാറിലെത്തിച്ച് തെരച്ചിൽ ഊർജ്ജിതമാക്കാനാണ് നിലവിലെ നീക്കം. ഇതിനുള്ള ചിലവ് ജില്ലാ ഭരണകൂടം വഹിക്കാമെന്ന് ധാരണയായിട്ടുണ്ടെന്ന് മഞ്ചേശ്വരം എംഎൽഎ എം.കെ.എം അഷ്റഫ് പറഞ്ഞു.
നേരത്തെ തൃശ്ശൂരിൽ നിന്നും ഡ്രഡ്ജർ എത്തിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം ഈ നീക്കം ഉപേക്ഷിച്ചിരുന്നു. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കിൽ ഡ്രഡ്ജർ പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.
അതേസമയം അടിയൊഴുക്ക് കുറഞ്ഞതോടെ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപ്പേ ഇന്ന് പത്ത് തവണയോളം പുഴയിൽ മുങ്ങി തെരച്ചിൽ നടത്തി. നേവി സംഘവും പുഴയിൽ പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിൽ മണ്ണും പാറയും അടിഞ്ഞു കൂടിയത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് വിവരം. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു