അതിശക്തമായ ‘ഇയൻ’ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ഗൾഫ് കോസ്റ്റിലേക്ക് ആഞ്ഞടിച്ചു. ചുഴലിക്കാറ്റിനെത്തുടർന്നു ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറിൽ 241 കി.മീ വേഗത്തിലാണ് ഇയാൻ വീശുക.
അതേസമയം ഫ്ലോറിഡയുടെ കരയിൽത്തൊട്ട ഇയാന്റെ വേഗത മുന്നോട്ടുപോകുന്തോറും കുറഞ്ഞു വരുന്നതായും വിലയിരുത്തുന്നു. നിലവിൽ മധ്യ ഫ്ലോറിഡയിൽക്കൂടി വീശുന്ന കാറ്റിനെ ഒന്നാം വിഭാഗത്തിലാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യൂബയിൽ നാശം വിതച്ച ശേഷമാണ് ചുഴലിക്കാറ്റ് യുഎസ് തീരത്തടുത്തത്.
പ്രാദേശിക സമയം ബുധൻ ഉച്ചകഴിഞ്ഞാണ് ഫ്ലോറിഡയിലെ ഫോർട്ട് മേയേഴ്സിന് പടിഞ്ഞാറുള്ള കയോ കോസ്റ്റ എന്ന ദ്വീപിനു സമീപമം ഇയാൻ കരയിൽത്തൊട്ടത്. പിന്നീട് ഫ്ലോറിഡയുടെ വൻകരയിലേക്ക് ചുഴലിക്കാറ്റ് നീങ്ങി. 145 കി.മീ ആണ് കാറ്റിന്റെ വേഗത. ചില മേഖലകളിൽ 12 അടിക്കുമുകളിൽ കടൽവെള്ളം കയറുകയും ചെയ്തു.
വൻ നാശ നഷ്ടമാണ് ചുഴലിക്കാറ്റ് മൂലമുണ്ടായത്. ചില മേഖലകളിൽ പ്രളയജലം വീടിന്റെ മേൽക്കൂരയ്ക്കു മുകളിൽ വരെ എത്തിയതായാണ് വിവരം. ചുഴലിക്കാറ്റ് അകത്തേക്ക് കടക്കുന്തോറും കുറഞ്ഞത് 60 സെ.മീ മഴ വരെ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നൽകി. കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും ഇപ്പോഴും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഫ്ലാഷ് ഫ്ലഡ്സിന് (പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം) വലിയ സാധ്യതയാണുള്ളത്.
അതേസമയം പോർട്ട് ഷാർലെറ്റിലെ ഒരു ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. ഐ സി യു വിൽ വെള്ളം നിറഞ്ഞതോടെ രോഗികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നിലവിൽ രണ്ടുപേർക്കുള്ള മുറിയിൽ നാലു പേരെ വരെയാണ് പാർപ്പിച്ചിരിക്കുന്നത്. കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ മൂന്നു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. അതേസമയം രണ്ടായിരത്തിലേറെ വിമാന സർവീസുകളും റദ്ദാക്കി.