അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരിയായ കാബൂളിലെ പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധിപേർ പരിക്ക് പറ്റി ചികിത്സയിലാണ്. ഖൈർ ഖാന പ്രദേശത്തെ പള്ളിയിൽ ബുധനാഴ്ച പ്രദോഷ നമസ്കാര സമയത്തായിരുന്നു അപ്രതീക്ഷിത സ്ഫോടനം ഉണ്ടായത്.
മരിച്ചവരും പരിക്കേറ്റവരുമായി നിരവധി പേരുണ്ടെന്ന് താലിബാന് സര്‍ക്കാര്‍ വക്താവ് സബീഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേര്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പ്രാര്‍ത്ഥനയ്ക്കായി നിരവധി പേര് പള്ളിയില്‍ ഒത്തു കൂടിയിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം ഉണ്ടായത്. കാബൂള്‍ സെക്യൂരിറ്റി കമാന്‍ഡ് വക്താവ് ഖാലെജ് സദ്രാന് ആണ് സ്ഫോടന വിവരം പുറത്തുവിട്ടത്.
വടക്കന്‍ കാബൂളിലെ സമീപപ്രദേശങ്ങളില്‍ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും സമീപത്തെ കെട്ടിടങ്ങളുടെയടക്കം ജനാലകള്‍ തകര്‍ന്നതായും ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം, താലിബാന്റെ മുതിർന്ന പുരോഹിതനായ ഷെയ്ക്ക് റഹീമുള്ള ഹഖാനി കഴിഞ്ഞയാഴ്ച്ചയുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അന്നത്തെ അക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിരുന്നു.