സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകന് ലിജീഷ് മുള്ളേഴത്ത് നല്കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. നിര്‍മാതാവ് പരാതിയുമായി വന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
പുരസ്കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നതില്‍ മതിയായ തെളിവുകളില്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ച് വിധി ശരിവെച്ച ഡിവിഷന് ബെഞ്ച് അപ്പീല്‍ തള്ളുകയായിരുന്നു.
ചെയര്മാന് രഞ്ജിത്തിനെതിരെ നടപടി വേണമെന്നും സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ലിജീഷ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
2022 ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് ഇടപെട്ടുവെന്നായിരുന്നു സംവിധായകന് ലിജീഷിന്റെ ആരോപണം. രഞ്ജിത്ത് ആ സ്ഥാനത്ത് ഇരുന്ന് കൊണ്ട് ജൂറി അംഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് അപ്പീല്‍ തള്ളിയ സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും വ്യക്തമാക്കുന്നത്.
രഞ്ജിത്തിനെതിരെ സംവിധായകന് വിനയന് രംഗത്ത് വന്നതിന് പിന്നാലെയാണ് ലിജീഷ് മുള്ളേഴത്തും രംഗത്ത് വന്നത്.