നവകേരള സദസ്സിന് സ്കൂള്‍ ബസ് വിട്ടുനല്‍കേണ്ടെന്ന് ഹൈക്കോടതി. കാസര്‍ഗോഡ് സ്വദേശിയായ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.
നവകേരള സദസ്സിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ 23 വരെ സ്കൂള്‍ ബസുകള്‍ വിട്ട് നല്‍കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവ്. ഈ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍ഗോഡ് സ്വദേശി ഫിലിപ്പ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.
സ്കൂള്‍ ബസ് മോട്ടോര്‍ വാഹന നിയമപ്രകാരം, കുട്ടികളെയും അധ്യാപകരെയും കൊണ്ട് വരാനും കൊണ്ടുവിടാനും മാത്രമേ ഉപയോഗിക്കാവൂ. പകരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ആളെ കയറ്റുന്നതും പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദം ശരിവെച്ചുകൊണ്ടാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്കൂള്‍ ബസുകള്‍ നവകേരള സദസ്സിന് വിട്ട് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.