ദില്ലി: ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ മത്സരം മാറ്റി നിശ്ചയിക്കാൻ സാധ്യത. ഒക്ടോബർ 15-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ – പാകിസ്ഥാൻ മത്സരം നിശ്ചയിച്ചത്. ഈ മത്സരത്തിൻ്റെ ടിക്കറ്റുകൾ വിൽപന തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ വിറ്റൊഴിഞ്ഞിരുന്നു.
എന്നാൽ ഒക്ടോബർ 15-നാണ് ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങൾ തുടക്കമാകുന്നത്. അഹമ്മദാബാദിലും ഗുജറാത്ത് മുഴുവനും നവരാത്രി ആഘോഷം തുടങ്ങുമ്പോൾ ഉണ്ടാവുന്ന തിരക്ക് പരിഗണിച്ച് മത്സരത്തിൻ്റെ തീയതി മാറ്റണമെന്നാണ് സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ ഏജൻസിയുടെ നിർദേശം ബിസിസിഐ ഗൗരവമായി പരിഗണിക്കുന്നുവെന്നും ഇക്കാര്യത്തിൽ വൈകാതെ തീരുമാനവുണ്ടാകുമെന്നുമാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഇക്കാര്യത്തിൽ എന്തു ചെയ്യാനാവും എന്ന് ഞങ്ങൾ ആലോചിക്കുകയാണ്.. ഇന്ത്യ – പാകിസ്ഥാന് മത്സരത്തിനുള്ള സ്വീകാര്യതയും ആവേശവും വളരെ വലുതാണ്. മത്സരം കാണാനായി ആയിരക്കണക്കിന് ആളുകൾ അഹമ്മദാബാദിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവരാത്രി തിരക്കുകൾക്കിടെ ഇത്ര വലിയൊരു ആൾക്കൂട്ടം നഗരത്തിലെത്തുന്നത് ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജൻസികൾ ആവശ്യപ്പെടുന്നത് – ഒരു ബിസിസിഐ ഉന്നതൻ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തോട് പറഞ്ഞു. ഒക്ടോബർ 15-ന് പകരം മത്സരം ഒരു ദിവസം മുന്നോട്ട് ആക്കി 14-ാം തീയതി നടത്താനുള്ള സാധ്യതയാണ് ഇപ്പോൾ അധികൃതർ പരിഗണിക്കുന്നതെന്നാണ് സൂചന. മത്സരം നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറത്തേക്ക് പോകില്ലെന്നും എന്നാൽ ആരാധകർക്ക് യാത്രയിലും താമസത്തിലും മാറ്റം വരുത്തേണ്ടി വന്നേക്കാമെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്ത്യ – പാക് മത്സരം കാരണം നഗരത്തിലെ ഹോട്ടലിലെ നിരക്കുകൾ ഇതിനോടകം പല മടങ്ങായി വർധിച്ചിട്ടുണ്ട്. ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ സാധിക്കാത്ത ആരാധാകരിൽ ചിലർ ആശുപത്രികളിൽ മുറി ബുക്ക് ചെയ്തതായും റിപ്പോർട്ടുണ്ടായിരുന്നു. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ഒക്ടോബർ 8 ന് ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.പാകിസ്ഥാന്റെ ആദ്യ രണ്ട് മത്സരങ്ങൾ ഹൈദരാബാദിൽ ഒക്ടോബർ 6, 12 തീയതികളിലാണ്. ഇന്ത്യ – പാക് മത്സരം 14-ാം തീയതിയിലേക്ക് മാറ്റുമ്പോൾ 48 മണിക്കൂറിനിടെ രണ്ട് ഏകദിനം കളിക്കേണ്ട അവസ്ഥയിലേക്ക് പാകിസ്ഥാൻ എത്തും.
ലോകകപ്പിന് മുന്നോടിയായി ജൂലൈ 27 ന് ന്യൂഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി അസോസിയേറ്റ് രാജ്യങ്ങൾക്ക് കത്തയച്ചതായും വിവരമുണ്ട്. യോഗത്തിൽ മറ്റ് ബോർഡുകളുമായി ആശങ്കകൾ ചർച്ച ചെയ്യുകയും ഇന്ത്യ-പാക് മത്സരം എപ്പോൾ, എവിടെ നടക്കുമെന്ന് അറിയിക്കുകയും ചെയ്യും. ഇന്ത്യ – പാക് മത്സരത്തിന്റെ തീയതി മാറ്റിയാൽ കളി കാണാനായി അഹമ്മാദിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുകയും ഫ്ളൈറ്റ്, ട്രെയിൻ ടിക്കറ്റുകൾ എടുക്കുകയും ചെയ്ത ആരാധകർക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കാം.