ഓരോ മനുഷ്യനും ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന പണികൾ എളുപ്പമാക്കാനും ആരോഗ്യവും സൗന്ദര്യം മെച്ചപ്പെടുത്താനുമൊക്കെ ഹാക്കുകൾ ഉപയോഗപ്പെടുത്തുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ കാണുന്ന പല ഹാക്കുകളും പലരുടെയും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രയോജനപ്പെടാറുമില്ല. എന്നാൽ ഫലപ്രദമായാലും അല്ലെങ്കിലും ഹാക്കുകള്‍ ഉള്‍പ്പെട്ട വിഡിയോകളും ഇൻസ്റ്റാഗ്രാം റീല്‍സും കാണാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അത്തരത്തിൽ സോഷ്യല്‍ മീഡിയയിൽ വൈറലായ ഹാക്ക് സ്വന്തം ജീവന് രക്ഷിച്ച അനുഭവമാണ് അലബാമയില്‍ നിന്നുള്ള ഹെലൻ എന്ന യുവതി പങ്കുവച്ചത്.
മസാജിംഗിനുള്ള പരമ്പരാഗത ചൈനീസ് വിദ്യയാണ് ഗ്വാഷ. ഇത് ചെയ്ത് വൈറലായതിനെ പറ്റിയാണ് 26 വയസുകാരിയായ ഹെലന് ബെന്‍ഡര്‍ എന്ന അലബാമക്കാരി പറയുന്നത്. ഗ്വാഷ മസാജിംഗ് ടൂള്‍ ഉപയോഗിച്ച് മുഖവും താടിയും കഴുത്തും മറ്റും മസാജ് ചെയ്യാറുണ്ട്. ഇത് താടിയെല്ലുകള്‍ കുറച്ചുകൂടി നല്ല ആകൃതിയിലാകാന് സഹായിക്കുമെന്നാണ് പല സോഷ്യല്‍ മീഡിയ താരങ്ങളും പ്രചരിപ്പിച്ചിരുന്നത്.
എന്നാൽ മുഖത്തിന്റെ ആകൃതിയും സൗന്ദര്യവും മെച്ചപ്പെട്ടതിനെക്കുറിച്ചല്ല ഹെലന് പങ്കുവച്ചത്. ഹാക്ക് കണ്ട് ഗ്വാഷ മസാജിംഗ് ടൂള്‍ ഉപയോഗിച്ച ഹെലൻ കണ്ടെത്തിയത് സ്വന്തം കഴുത്തിലുള്ള ഒരു തടിപ്പാണ്. ഇത് ഡോക്ടറെ കാണിച്ചപ്പോള്‍ അര്‍ബുദത്തിന്റെ നാലാമത്തെ സ്റ്റേജാണെന്ന സത്യം മനസിലായി. കൂടാതെ ശരീരത്തിന്റെ മറ്റ് സ്ഥലങ്ങളിലും മുഴകള്‍ ഉള്ളതായി വിശദ പരിശോധനകളിലൂടെ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ വിദഗ്ധ ചികിത്സ നടത്തിവരികയാണ് ഹെലൻ. മസാജിംഗ് ടൂള്‍ ഉള്ളതിനാലാണ് തനിക്ക് ഇപ്പോഴെങ്കിലും രോഗം മനസിലാക്കാന്‍ സാധിച്ചതെന്ന് ഹെലന് പറഞ്ഞു.