കോട്ടയം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വച്ച് രോഗിയുടെ കുത്തേറ്റ് മരിച്ച വന്ദനാദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും. ആരോഗ്യ സർവ്വകലാശാലയുടേതാണ് ഈ തീരുമാനം. സർവകലാശാല വിസി ഡോ.മോഹൻ കുന്നുമ്മലിൻ്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഗവേണിംഗ് കൌണ്‍സിലാണ് ഈ തീരുമാനമെടുത്തത്.
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൌസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദനാദാസ് കൊല്ലപ്പെടുന്നത്. ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ സ്വദേശി സന്ദീപ് വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു. കഴുത്തിലും മുഖത്തും അരയിലും കുത്തേറ്റ വന്ദനയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.