ഒമാനിലെ നാഷനൽ ട്രാൻസ്പോർട്ട് കമ്പനിയായ മുവാസലാത്ത് ജൈവ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ ബസ് തിങ്കളാഴ്ച പുറത്തിറക്കി. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ (എസ്.ക്യു.യു) ഗവേഷക സംഘമാണ് ഈത്തപ്പഴക്കുരുവിൽനിന്ന് ഇന്ധനം നിർമിച്ചിരിക്കുന്നത്. അതേസമയം അറബ് ലോകത്തുതന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് അധികൃതർ അവകാശപ്പെട്ടു. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ലബോറട്ടറികളിൽ ഉൽപാദിപ്പിക്കുന്ന ജൈവ ഇന്ധനവുമായി ഡീസൽ സംയോജിപ്പാണ് ഇതിന്റെ പ്രവർത്തനം.
ഗതാഗത, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ ഖമീസ് ബിൻ മുഹമ്മദ് അൽ ഷമാഖിയുടെ സാന്നിധ്യത്തിൽ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സഈദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടാതെ ബസിന്റെ പ്രഥമ യാത്ര അൽ ഖൂദിലെ സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി കൾച്ചറൽ സെന്ററിൽനിന്നാണ് ആരംഭിച്ചത്.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റ്, അൽ ആലം പാലസ് തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് ആരംഭസ്ഥലത്തുതന്നെ സമാപിക്കുകയും ചെയ്തു. അതേസമയം പുനരുപയോഗ ഊർജത്തിലേക്ക് മാറാനുള്ള സർക്കാറിന്റെ സംരംഭങ്ങളുമായി ഈ നേട്ടം ഒത്തുപോകുന്നതാണെന്ന് ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു.