മുന്നോക്ക സമുദായ വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്ത് നിന്ന് കെ.ജി പ്രജിത്തിനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. എം രാജഗോപാലന്‍ നായരെ ചെയര്മാന് ആക്കിയാണ് ഭരണ സമിതി സര്‍ക്കാര്‍ പുനസംഘടിപ്പിച്ചത്.
കേരള കോണ്‍ഗ്രസ് ബിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രജിത്. ആര് ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് പാര്‍ട്ടി നോമിനിയായി പ്രജിത്തിനെ നിയമിച്ചത്.
എന്നാല്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ പ്രജിത്തിനെ മാറ്റിയ നടപടിക്കെതിരെ കെബി ഗണേഷ് കുമാര്‍ രംഗത്തെത്തി. ഇടതുമുന്നണി കണ്‍വീനര്‍ക്ക് ഗണേഷ് കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചും കെബി ഗണേഷ് കുമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.
വിഷയം ശ്രദ്ധയില്പ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദനും അറിയിച്ചതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.