സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് വീണ്ടും ശക്തമാകുന്നു. മന്ത്രിമാരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ഗവർണറുടെ ട്വീറ്റ് വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഗവർണറെ ആക്ഷേപിച്ചാലോ പദവിയുടെ അന്തസ് കുറച്ചു കാണിച്ചാലോ മന്ത്രിസ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്.
ട്വിറ്ററിലൂടെയായിരുന്നു മന്ത്രിമാർക്കെതിരെ ഗവർണറുടെ ഭീഷണി. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായതെന്നാണ് ആക്ഷേപം. കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ തിരിഞ്ഞതോടെ കഴിഞ്ഞ ദിവസം മന്ത്രി ആർ ബിന്ദു അടക്കം വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാർക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
നേരത്തേയും മന്ത്രിമാർ ഗവർണറെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഗവർണർ പദവിക്ക് യോചിച്ച ആളല്ലെന്നും പദവി ദുരുപയോഗം ചെയ്യുകയാണെന്നും മന്ത്രിമാർ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ശക്തമായ രീതിയിലാണ് ഗവർണറെ വിമർശിച്ചിരുന്നത്. ഈ വിമർശനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഗവർണറുടെ പുതിയ നീക്കം. എന്നാൽ ഗവർണറുടെ പ്രസ്താവനയോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Hon’ble Governor Shri Arif Mohammed Khan said:“The CM and Council of Ministers have every right to advise Governor.But statements of individual ministers that lower the dignity of the office of the Governor,can invite action including withdrawal of pleasure”:PRO,KeralaRajBhavan
— Kerala Governor (@KeralaGovernor) October 17, 2022