കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ആകെ നാല് പേർക്കാണ് വെട്ടേറ്റത്. ഇന്ന് വൈകിട്ടാണ് അയൽവാസിയായ റിതു എന്നയാൾ വീട്ടിൽ കേറി നാല് പേരെ വെട്ടിയത്. ഒരാളെ വെട്ടാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റുള്ളവരെ കൂടി റിതു വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
28-കാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പൊലീസുകാരുടെ വൻസംഘം എത്തിയിട്ടുണ്ട്. ഇയാൾ ലഹരിയ്ക്ക് അടിമയായിരുന്നുവെന്ന് നാട്ടുകാർ.
വൈകിട്ടോടെ മാരകായുധവുമായി എത്തിയ റിതു വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. വേണു,വിനിഷ, ഉഷ എന്നിവർക്കാണ് വെട്ടേറ്റതും മരണപ്പെട്ടതും. വെട്ടേറ്റവരെയെല്ലാം ഉടനെ പറവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടേയും ജീവൻ രക്ഷിക്കാനായില്ല. അക്രമിയായ റിതു നേരത്തെയും അയൽവാസികൾക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നുവെന്നാണ് വിവരം. ഇതിൻ്റെ പേരിൽ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.