സസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തുടരുന്ന തുറന്ന പോര് രൂക്ഷമായിരിക്കുകയാണ്. സർവകലാശാല വിസിമാർക്ക് പുറമെ മന്ത്രിമാർക്കെതിരെയും തിരിഞ്ഞിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള എല്ലാ തന്ത്രങ്ങളും ഗവർണർ ആവിഷ്കരിക്കുന്നുണ്ട്. ഇതിന് പിന്നിൽ ആർഎസ്എസിന്റെ പിന്തുണ ഗവർണർക്കുണ്ടെന്നാണ് സർക്കാരിന്റേയും സിപിഎമ്മിന്റേയും വാദം.
സർക്കാരിനെ കേന്ദ്രീകരിച്ച് പല വിവാദങ്ങൾ ഉണ്ടായിട്ടും അതിനെതിരെ ശക്തമായ പ്രതിഷേധം ബിജെപി ഉയർത്തുന്നില്ല. പകരം ഗവർണറെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കുക എന്ന തന്ത്രമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. വിസിമാരെ പുറത്താക്കാനുള്ള നടപടിയിൽ തൽക്കാലം കോടതി ഇടപെട്ടെങ്കിലും പന്ത് ഗവർണറുടെ കോർട്ടിൽ തന്നെയാണ്. ഇതിന് പിന്നാലെയാണ് ധനമന്ത്രി ബാലഗോപാലിനേയും മന്ത്രി ആർ ബിന്ദുവിനെതിരെയും ഗവർണർ തിരിഞ്ഞത്.
യുപിക്കാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാക്കാന്‍ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവനയെ തുടർന്നാണ് താൻ പ്ലഷർ പിൻവലിക്കുന്നതായി ഗവർണർ അറിയിച്ചത്. ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരിഫ് മുഹമ്മദ് ഖാൻ കത്തും നൽകി. മന്ത്രിയുടെ പ്രയോഗം ദേശീയതയെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു ഗവർണറുടെ വാദം. എന്നാൽ മന്ത്രിയിൽ അചഞ്ചലമായ വിശ്വാസമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിന്നീട് പ്രതികരിച്ചു.
ഗവര്‍ണര്‍ക്കെതിരായ തന്റെ പ്രസംഗത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. പ്രസംഗം കേട്ടാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് വ്യക്തമാകും. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.എന്‍.ബാലഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ധനമന്ത്രിയിലല്ല ഗവര്‍ണറിലാണ് പ്രീതി നഷ്ടപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു. ഭരണ അസ്ഥിരത സൃഷ്ടിക്കാനാണ് ഗവര്‍ണറുടെ ഇടങ്കോലിടല്‍. ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ലെന്നും ഗവര്‍ണര്‍ രാജാവ് ചമയാന്‍ ശ്രമിക്കുന്നെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ എം.വി.ഗോവിന്ദന് ആരോപിച്ചു.