വഴിയറിയാത്ത ആളുകൾ പലരും ഇപ്പോൾ ഗൂഗിൾ മാപ്പുപയോഗിച്ചാണ് സ്ഥലങ്ങൾ കണ്ടുപിടിക്കാറ്. ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചുകഴിഞ്ഞു. പലപ്പോഴും ഗൂഗിൾ മാപ്പ് വഴി തെറ്റിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഗൂഗിൾ മാപ്പിലൂടെ കണ്ടെത്തിയ ഒരു നിഗൂഢ ഇടത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
അമേരിക്കയിലെ സൗത്ത് ഡകോട്ടയിലുള്ള ബ്ലാക്ക് ഹിൽസ് നാഷണൽ ഫോറസ്റ്റിൽ കണ്ടെത്തിയ രക്ത നിറത്തിലുള്ള തടാകമാണ് ഗൂഗിൾ മാപ്പ് കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഈ തടാകത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ പലരും ഈ സ്ഥലത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. കടും ചുവപ്പ് നിറത്തിൽ കാണുന്ന ഈ തടാകം കണ്ടാൽ രക്തത്താൽ നിറഞ്ഞുകിടക്കുന്നതാണെന്നേ തോന്നുകയുള്ളു.
വിനോദസഞ്ചാരികളുടെയും പർവ്വതാരോഹകരുടെയും ഇഷ്ട ഇടങ്ങളിലൊന്നാണ് ബ്ലാക്ക് ഹിൽസ് നാഷണൽ ഫോറസ്റ്റ്. എന്നാൽ ഇതാദ്യമായാണ് ഈ വിചിത്ര തടാകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇതോടെ ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്തുകയാണ്. ഈ വനത്തിൽ നിന്നും ധാരാളമായി മരങ്ങൾ മനുഷ്യർ ഫർണിച്ചർ ആവശ്യങ്ങൾക്കും മറ്റുമായി മുറിച്ചുമാറ്റാറുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഇത്തരത്തിൽ മുറിച്ചുമാറ്റുന്ന മരങ്ങൾ കൊണ്ടുപോകുന്ന വ്യവസായ ശാലകളുടെ പ്രവർത്തനം മൂലമാണ് ഈ തടാകത്തിന്റെ നിറത്തിന് മാറ്റങ്ങൾ ഉണ്ടായതെന്നും അവർ വ്യക്തമാക്കി. എന്നാൽ വളരെ മുൻപ് തന്നെ ബ്ലാക് ഹിൽസ് നാഷണൽ ഫോറസ്റ്റ് അവിടുത്തെ സ്വർണ ഖനനത്തിന് പേരിലും ശ്രദ്ധിക്കപ്പെട്ട ഇടമാണ്.